ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ സെമി സാധ്യത സജീവമാക്കാൻ ഓസ്ട്രേലിയയും പുറത്താകാതിരിക്കാൻ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് സൂപ്പർ പോരാട്ടങ്ങള്‍. ഇന്നത്തെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്ഥാനെ നേരിടും. രാവിലെ പത്തരയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ മുതൽ പെയ്യുന്ന മഴ മത്സരത്തിന് ഭീഷണിയാണ്. കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് കാരണം കളിക്കാതിരുന്ന കെയ്ൻ വില്യംസൺ ഇന്ന് കിവീസ് ടീമിൽ തിരിച്ചെത്തിയേക്കും. ഇന്നലെ വില്യംസൺ പരിശീലനം നടത്തിയിരുന്നു. സെമിഫൈനൽ ഉറപ്പിക്കാൻ ഇരു ടീമിനും ജയം അനിവാര്യമാണ്.

ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ സെമി സാധ്യത സജീവമാക്കാൻ ഓസ്ട്രേലിയയും പുറത്താകാതിരിക്കാൻ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നാല് തുടര്‍വിജയങ്ങളുടെ പകിട്ടുമായി ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ നാല് തുടര്‍തോൽവികളിൽ വശംകെട്ട് പുറത്താകലിന്‍റെ വക്കിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിൽ 350ന് മേൽ സ്കോര്‍ ചെയ്ത ഓസീസ് ബാറ്റര്‍മാരെ മെരുക്കൽ ഇംഗ്ലണ്ടിന്‍റെ പ്രധാന വെല്ലുവിളിയാവും. ഓസീസ് നിരയില്‍ പരിക്കേറ്റ ഗ്ലെൻ മാക്സ്‍വെല്ലും സ്വകാര്യ ആവശ്യത്തിന് നാട്ടിലേക്ക് മടങ്ങിയ മിച്ചൽ മാര്‍ഷുമില്ലാത്തതിന്‍റെ നേരിയ ആശ്വാസം ബട്‍ലറുടെ സംഘത്തിന് പ്രതീക്ഷിക്കാം. 

അതേസമയം കാമറോൺ ഗ്രീനിനും മാര്‍ക്കസ് സ്റ്റോയിനിസിനും കങ്കാരു ടീമിൽ അവസരം കിട്ടിയേക്കും. ബൗളിംഗിൽ ഭേദപ്പെട്ട പ്രകടനം പേരിനെങ്കിലും അവകാശപ്പെടാനുണ്ടെങ്കിലും ഇംഗ്ലണ്ടിന്‍റെ വെല്ലുവിളി ബാറ്റിംഗ് നിരയാണ്. സൂപ്പര്‍ താരങ്ങള്‍ ഏറെയുണ്ടായിട്ടും ഇതുവരെ ബാറ്റിംഗ് നിര താളം കണ്ടെത്തിയിട്ടില്ല. സ്‌പിന്നര്‍ ആഡം സാംപയുടെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിംഗ് പരീക്ഷണം അതിജീവിച്ചുള്ള ഉയിര്‍പ്പിന് ആദ്യ മത്സരത്തിലൊഴികെ തിളങ്ങാത്ത ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് പതിനെട്ടടവും പുറത്തെടുക്കണം. ഓസ്ട്രേലിയക്ക് മുന്നിലും കവാത്ത് മറന്നാൽ ഒരു ജയം മാത്രമായി പോയിന്‍റ് പട്ടികയിൽ അടിത്തട്ടില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് ലണ്ടനിലേക്കുള്ള മടക്ക ടിക്കറ്റ് ബുക്ക് ചെയ്യാം.

Read more: അവരല്ലാതെ മറ്റാര്; ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് ഫേവറൈറ്റുകളെ പ്രവചിച്ച് എബിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം