അഹങ്കാരമോ ആത്മവിശ്വാസമോ; 'സെമിയില്‍ എത്തും'! കയ്യാലപ്പുറത്തെ തേങ്ങയെങ്കിലും വെല്ലുവിളിച്ച് ബാബര്‍ അസം
ഇംഗ്ലണ്ട് താരങ്ങളെ ഡ്രെസിംഗ് റൂമിൽ പൂട്ടിയിട്ട് ടൈംഔട്ടിലൂടെ ജയിക്കാമെന്ന് പരിഹസിക്കുന്നവരെ പരിഹസിച്ച് ബാബര്‍ അസം

കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിലെത്താനുള്ള തന്ത്രം തയ്യാറെന്ന് പാകിസ്ഥാൻ നായകൻ ബാബര്‍ അസം. ഇംഗ്ലണ്ട് താരങ്ങളെ ഡ്രെസിംഗ് റൂമിൽ പൂട്ടിയിട്ട് ടൈംഔട്ടിലൂടെ ജയിക്കാമെന്ന് പരിഹസിച്ച വസീം അക്രം അടക്കം മുന്‍താരങ്ങളായ വിമര്‍ശകര്‍ക്ക് മുനവെച്ച മറുപടിയാണ് ബാബര്‍ നല്‍കിയത്.
വ്യാഴാഴ്‌ച ന്യൂസിലൻഡ്- ശ്രീലങ്ക മത്സരം അവസാനിക്കുമ്പോള്‍ കൊൽക്കത്തയിൽ പരിശീലന സെഷനിലായിരുന്നു പാകിസ്ഥാന്‍ താരങ്ങള്‍. സെമിയിലെത്താൻ ഇംഗ്ലണ്ടിനെതിരെ അസാധ്യ പ്രകടനം നടത്തണമെന്ന് മാധ്യമപ്രവര്‍ത്തരില്‍ നിന്ന് അറിഞ്ഞ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാനും പേസര്‍ ഹസൻ അലിയും ഹോട്ടലിലേക്ക് ഏറെ നിരാശയോടെയാണ് മടങ്ങിയത്. എന്നാൽ തൊട്ടടുത്ത ദിനം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ പാക് നായകൻ ബാബര്‍ അസം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമര്‍ശകര്‍ക്ക് അദേഹം മറുപടിയും നല്‍കി. ബാറ്റര്‍ എന്ന നിലയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന് പുറത്താക്കൽ ഭീഷണിയുടെ വക്കിലുള്ള പാക് നായകൻ സമ്മതിച്ചു. ബാബര്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോഴും സെമിയിലെത്താന്‍ വേണ്ട കണക്കുകള്‍ പാകിസ്ഥാന്‍ ടീമിനെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ജീവന്‍മരണ പോരാട്ടം. ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളുടെ പട്ടികയിലുണ്ടായിരുന്ന ടീമുകളായിരുന്നിട്ടും ഇംഗ്ലണ്ടിനും പാകിസ്ഥാനും കുതിപ്പിന് പകരം കിതപ്പായി മത്സരഫലങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മഹാത്ഭുതങ്ങളുണ്ടായാല്‍ മാത്രം സെമിയിലെത്തും എന്ന അവസ്ഥയിലാണ് പാകിസ്ഥാന്‍. അതേസമയം ടൂര്‍ണമെന്‍റില്‍ നിറംമങ്ങിയെങ്കിലും മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരിൽ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കം. 10 മത്സരങ്ങളിൽ ഇംഗ്ലണ്ട് ജയിച്ചു. അവസാന ലോകകപ്പിലെ ഉൾപ്പടെ നാല് എണ്ണത്തിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു. സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി+ഹോട്‌സ്റ്റാറും വഴി മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം