Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയെയും കത്തിക്കുമോ, വിസ്‌മയം തുടരാന്‍ അഫ്‌ഗാന്‍; പക്ഷേ സെമിക്ക് വേണ്ടത് 'ഇമ്മിണി ബല്യ' വിജയം

അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപിച്ചതോടെ സെമി ചിത്രം തെളിഞ്ഞുകഴിഞ്ഞു

ODI World Cup 2023 SA vs AFG Updates How Afghanistan will make entry to semi final in CWC23 jje
Author
First Published Nov 10, 2023, 8:21 AM IST

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെയും മത്സരം ആരാധകര്‍ക്ക് തല്‍സമയം കാണാം. 

അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപിച്ചതോടെ സെമി ചിത്രം തെളിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന പോരിനിറങ്ങുമ്പോൾ അഫ്‌ഗാനിസ്ഥാന്‍റെ സെമി സാധ്യതകൾ ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുന്നതിനെക്കാൾ ദുഷ്കരം. ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിക്കുകയും ഓസ്ട്രേലിയയെ വിറപ്പിക്കുകയും ചെയ്ത അഫ്ഗാന് തെംബ ബാവുമയെയും സംഘത്തേയും വീഴ്ത്തുക അസാധ്യമൊന്നുമല്ല. പക്ഷേ സെമിയിലെത്തണമെങ്കിൽ വേണ്ടത് 438 റൺസിന്‍റെ ഹിമാലയന്‍ വിജയമാണെന്നത് സ്വപ്നത്തിനും അപ്പുറമാണ്. 

റൺമഴ ചൊരിയുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർമാർമാരുടെയും അഫ്‌ഗാൻ സ്പിന്നർമാരുടെയും മാറ്റുരയ്ക്കലാവും അഹമ്മദാബാദിൽ ഇന്ന് നടക്കുക. രണ്ട് ലോകകപ്പിൽ ഒറ്റ ജയം മാത്രമുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ ഇത്തവണ നാല് ജയത്തോടെ ടൂർണമെന്റിന്‍റെ ടീമായിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ മറ്റൊരു വൻ വിജയത്തോടെ മടങ്ങാൻ അഫ്ഗാനിസ്ഥാൻ തയ്യാറെടുക്കുന്നു. ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് ട്വന്‍റി 20യിലും ഒരു ഏകദിനത്തിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം നിന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണെങ്കിലും അഹമ്മദാബാദിൽ റണ്ണെടുക്കുക ദുഷ്‌കരമാണ്. ലോകകപ്പിൽ ഒറ്റ ടീമിനും ഇവിടെ 300 റൺസിലേറെ നേടാനായിട്ടില്ല. കടുത്ത ചൂടും ഇരു ടീമിനും വെല്ലുവിളിയാവും.

ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ന്യൂസിലൻഡ് സെമിക്കരികെയെത്തി. ലങ്കയുടെ 171 റൺസ് 160 പന്ത് ശേഷിക്കേയാണ് അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി കിവികള്‍ മറികടന്നത്. ടൂര്‍ണമെന്‍റില്‍ ലങ്കയുടെ ഏഴാം തോല്‍വിയാണിത്. ഇംഗ്ലണ്ടിനെതിരെ ശനിയാഴ്‌ച പാകിസ്ഥാൻ അത്ഭുതവിജയം നേടിയില്ലെങ്കിൽ ന്യൂസിലൻഡ് സെമിയിൽ ഇന്ത്യയെ നേരിടും. ലങ്കന്‍ നിരയില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരെര, പുറത്താവാതെ 38* റണ്‍സെടുത്ത വാലറ്റക്കാരന്‍ മഹീഷ തീക്ഷന എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും ലോക്കീ ഫെര്‍ഗ്യൂസനും മിച്ചല്‍ സാന്‍റ്‌നറും രചിന്‍ രവീന്ദ്രയും രണ്ട് വീതവും ടിം സൗത്തി ഒന്നും വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ദേവോണ്‍ കോണ്‍വേ(45), രചിന്‍ രവീന്ദ്ര(42), ഡാരില്‍ മിച്ചല്‍(43) എന്നിവര്‍ ന്യൂസിലന്‍ഡിനായി തിളങ്ങിയപ്പോള്‍ 17* റണ്‍സോടെ ഗ്ലെന്‍ ഫിലിപ്‌സും 2* റണ്‍സുമായി ടോം ലാഥമും കളി ജയിപ്പിച്ചു. ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ 14നും മാര്‍ക് ചാപ്‌മാന്‍ എഴിനും പുറത്തായി. 

Read more: 'സെമിയില്‍ എത്തും മുമ്പ് കറാച്ചി വിമാനത്താവളത്തില്‍ എത്തി'; ശ്രീലങ്ക തോറ്റതിന് എയറിലായി പാക് ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios