ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 9, 10 തിയതികളിലാണ് തുടര്‍ച്ചയായി മത്സരം വരുന്നത്
ഹൈദരാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം വീണ്ടും ത്രിശങ്കുവില്‍. അടുത്തടുത്ത ദിവസങ്ങളില്‍ വരുന്ന മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിച്ചതോടെയാണിത്. ആദ്യം പ്രഖ്യാപിച്ച മത്സരക്രമത്തില്‍ നിന്ന് ഒന്‍പത് കളികളുടെ തിയതി മാറ്റിയതിന് പിന്നാലെയാണ് ഷെഡ്യൂളില്‍ അടുത്ത മാറ്റത്തിന് ബിസിസിഐക്ക് മുന്നില്‍ അപേക്ഷയെത്തിയിരിക്കുന്നത്.
ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ തുടര്‍ച്ചയായി മത്സരം വരുന്നത് സുരക്ഷയൊരുക്കാന്‍ വെല്ലുവിളിയാണ് എന്നാണ് ബിസിസിഐയെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. തിയതി മാറ്റം പരിഗണിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി അസോസിയേഷന്‍ വൃത്തങ്ങള്‍ ക്രിക്‌ബസിനോട് പറഞ്ഞു. ഒക്ടോബര്‍ 9ന് ന്യൂസിലന്‍ഡും നെതര്‍ലന്‍ഡ്‌സും തമ്മിലും തൊട്ടടുത്ത ദിവസം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുമാണ് ഹൈദരാബാദിലെ മത്സരങ്ങള്‍. ഇരു കളികളും പകല്‍- രാത്രി മത്സരങ്ങളാണ്. കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ഇരു കളികളും തമ്മില്‍ വേണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം.
സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പല അസോസിയേഷനുകളും സമീപിച്ചതോടെ 9 മത്സരങ്ങളുടെ തിയതി മാറ്റി പുതുക്കിയ മത്സരക്രമം നേരത്തെ ഐസിസിയും ബിസിസിഐയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഷെഡ്യൂള്‍ മാറ്റത്തിനുള്ള സാധ്യത വരുന്നത്. ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒരേ സ്റ്റേഡിയത്തില്‍ വച്ച് ലോകകപ്പ് മത്സരം നടക്കുന്ന പതിവ് സാധാരണയായി ഇല്ല. അതിനാല്‍ തന്നെ തിയതി മാറ്റം വേണമെന്ന ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ അപേക്ഷ ഏറെ വൈകി എന്ന് വേണം അനുമാനിക്കാന്‍. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ അപേക്ഷയില്‍ ബിസിസിഐ എന്ത് തീരുമാനമെടുക്കും എന്ന് വ്യക്തമല്ല.
Read more: അവസാന മണിക്കൂറുകളിലും പരിക്ക് ഒഴിയുന്നില്ല; ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ, ആരൊക്കെ ഇടംപിടിക്കും
