Asianet News MalayalamAsianet News Malayalam

അടിച്ചുപുകച്ച് ക്ലാസന്‍- യാന്‍സന്‍ റണ്‍ മെഗാഷോ! നൊന്തലറി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 399 റണ്‍സ്

വാംഖഡെ സ്റ്റേഡ‍ിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഫോമിലുള്ള ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ നഷ്‌ടമായിരുന്നു

ODI World Cup 2023 South Africa set 400 runs target to England on Heinrich Klaasen Marco Jansen fire jje
Author
First Published Oct 21, 2023, 6:10 PM IST

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഹെന്‍‌റിച് ക്ലാസന്‍റെ ക്ലാസ് വെടിക്കെട്ട് സെഞ്ചുറിയില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് തുടക്കത്തിലെ വിക്കറ്റ് വീഴ്‌ചയ്ക്ക് ശേഷം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സിലെത്തി. ആറാം വിക്കറ്റിലെ ക്ലാസന്‍, യാന്‍സന്‍ 151 റണ്‍സ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക റണ്‍മല കെട്ടിയത്. ക്ലാസന്‍ 67 പന്തില്‍ 109 റണ്‍സുമായി പുറത്തായപ്പോള്‍ യാന്‍സണ്‍ 42 പന്തില്‍ 75* റണ്‍സുമായി പുറത്താവാതെ നിന്നു. 40 പന്തില്‍ ഫിഫ്റ്റി തികച്ച ക്ലാസന്‍ 61 പന്തില്‍ സെഞ്ചുറി തികച്ചത് ശ്രദ്ധേയമായി.

വാംഖഡെ സ്റ്റേഡ‍ിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഫോമിലുള്ള ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ നഷ്‌ടമായിരുന്നു. 2 പന്തില്‍ 4 റണ്‍സ് നേടിയ ഡി കോക്കിനെ റീസ് ടോപ്‌ലിയാണ് മടക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി റീസ ഹെന്‍ഡ്രിക്‌സും റാസീ വാന്‍ ഡെര്‍ ഡസ്സനും പ്രോട്ടീസിനെ കരകയറ്റി. 61 പന്തില്‍ 60 നേടിയ റാസിയും 75 പന്തില്‍ 85 സ്വന്തമാക്കിയ റീസയും മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 25.2 ഓവറില്‍ 164-3. സ്‌പിന്നര്‍ ആദില്‍ റഷീദിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഇതിന് ശേഷം ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (44 പന്തില്‍ 42), ഡേവിഡ് മില്ലര്‍ (6 പന്തില്‍ 5) എന്നിവരെയും ടോപ്‌ലി മടക്കിയെങ്കിലും ദക്ഷിണാഫ്രിക്ക പതറിയില്ല. അഞ്ച് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 36.3 ഓവറില്‍ 243 റണ്‍സുണ്ടായിരുന്നു അവര്‍ക്ക്. 

ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹെന്‍‌റിച് ക്ലാസനും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തല്ലിമെതിക്കുന്നതാണ് പിന്നീട് കണ്ടത്. 44-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയോടെ ക്ലാസന്‍ ടീമിനെ 300 കടത്തി. അമ്പത് തികയ്‌ക്കാന്‍ 40 പന്തുകളെടുത്ത ക്ലാസന്‍ പിന്നീടുള്ള 21 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ക്ലാസന് ഉറച്ച പിന്തുണ നല്‍കിയ യാന്‍സന്‍ സിക്സോടെ 35 പന്തില്‍ ഫിഫ്റ്റി കടന്നു. 67 പന്തില്‍ 109 റണ്‍സെടുത്ത ക്ലാസനെയും 3 പന്തില്‍ മൂന്ന് നേടിയ ജെറാള്‍ഡ് കോട്‌സേയെയും അറ്റ്‌കിന്‍സന്‍ പുറത്താക്കിയപ്പോള്‍ യാന്‍സന്‍ 42 പന്തില്‍ 75* റണ്‍സുമായി പുറത്താവാതെ നിന്നു. കേശവ് മഹാരാജാണ് (1 പന്തില്‍ 1*) പുറത്താവാതെ നിന്ന മറ്റൊരു ബാറ്റര്‍. അവസാന 10 ഓവറില്‍ 143 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ഇതില്‍ 84 റണ്‍സ് അവസാന അഞ്ച് ഓവറിലായിരുന്നു. 

Read more: വീണ്ടും പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ ആരാധകര്‍; ബംഗ്ലാ സൂപ്പര്‍ ഫാനിന്‍റെ കടുവയെ പിച്ചിച്ചീന്തിയതായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios