വീണ്ടും പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ ആരാധകര്‍; ബംഗ്ലാ സൂപ്പര്‍ ഫാനിന്‍റെ കടുവയെ പിച്ചിച്ചീന്തിയതായി വീഡിയോ
ക്രിക്കറ്റ് ലോകകപ്പിനിടെ ഇതാദ്യമായല്ല ഇന്ത്യന്‍ ആരാധകര്‍ മോശം പെരുമാറ്റത്തിന് പ്രതിക്കൂട്ടിലാവുന്നത്

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ വീണ്ടും ആരോപണം. പൂനെയില്‍ ഒക്ടോബര്‍ 19ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ബംഗ്ലാ സൂപ്പര്‍ ഫാന്‍ ഷൊയ്‌ബ് അലി ബുഖാരിയെ ഇന്ത്യന്‍ ആരാധകര്‍ അപമാനിച്ചു എന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ട് ആരോപിക്കുന്നത്. ഇന്ത്യ വിജയിച്ചതിന് പിന്നാലെ ചില ആരാധകര്‍ ഷൊയ്ബ് അലിയുടെ കടുവ ബൊമ്മ പിച്ചിച്ചീന്തി വലിച്ചെറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ എന്താണ് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ബംഗ്ലാദേശിന്‍റെ ഏറ്റവും പ്രസിദ്ധനായ ആരാധകരിലൊരാളാണ് ടൈഗര്‍ ഷൊയ്‌ബ് എന്നറിയപ്പെടുന്ന ഷൊയ്‌ബ് അലി ബുഖാരി.
ടൈഗര്‍ ഷൊയ്‌ബിന്‍റെ കടുവ ബൊമ്മ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ ആരാധകര്‍ ഗ്യാലറിയില്‍ വച്ച് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. കേടുപാടു സംഭവിച്ച ബൊമ്മയുമായി മത്സര ശേഷം ഷൊയ്‌ബ് നില്‍ക്കുന്നതായുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ക്രിക്കറ്റ് ലോകകപ്പിനിടെ ഇതാദ്യമായല്ല ഇന്ത്യന്‍ ആരാധകര്‍ മോശം പെരുമാറ്റത്തിന് പ്രതിക്കൂട്ടിലാവുന്നത്. ഒക്ടോബര്‍ 14-ാം തിയതിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ ഔട്ടായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ജയ് ശ്രീറാം വിളികളുണ്ടായത് വിവാദമായിരുന്നു. ബുമ്രയുടെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴായിരുന്നു റിസ്‌വാനെതിരെ ഇന്ത്യന്‍ കാണികളുടെ ഭാഗത്ത് നിന്ന് ജയ് ശ്രീറാം വിളികളുണ്ടായത്. ടീം ഇന്ത്യയുടെ മറ്റ് മത്സരങ്ങളിലും ജയ് ശ്രീറാം വിളികള്‍ ഗ്യാലറികളില്‍ നിന്നുണ്ടായി. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക് താരങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നതും ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതേ മത്സരത്തില്‍ പാക് ആരാധകന്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' വിളിച്ചത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വിലക്കിയതും വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം