ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്, രണ്ടാമതാണ് കോലിയുടെ സ്ഥാനം
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിന് വിരാട് കോലി ഈ ലോകകപ്പില്‍ ഒപ്പമെത്തുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിന്‍റെ പ്രവചനം. രണ്ട് ശതകങ്ങള്‍ ലോകകപ്പില്‍ ഇക്കുറി നേടി സച്ചിന്‍റെ 49 സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പം കോലിയും ഇടംപിടിക്കും എന്നാണ് പോണ്ടിംഗ് കരുതുന്നത്. കോലിക്ക് 47 ഉം സച്ചിന് 49 ഉം ഏകദിന ശതകങ്ങളാണ് നിലവിലുള്ളത്.
'വിരാട് കോലി റണ്‍ദാഹമുള്ള കളിക്കാരനാണ് എന്ന് നമുക്കറിയാം. കോലി മികച്ച ടച്ചിലാണ്. അദേഹമൊരു മാച്ച് വിന്നറാണ്. ടീമിനായും വ്യക്തിപരമായും കോലി വിജയം ആഗ്രഹിക്കുന്നു. ഈ ലോകകപ്പോടെ സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ കോലിക്കാകും. കോലിക്ക് രണ്ട് സെഞ്ചുറി നേടാനാകും എന്നുറപ്പാണ്. മൂന്ന് എണ്ണം കണ്ടെത്തുമോ എന്നത് മറ്റൊരു കാര്യം. ഇന്ത്യയിലെ ഗ്രൗണ്ടുകളും പിച്ചും ഏറെ റണ്‍സ് കണ്ടെത്താന്‍ സഹായകമാണ്. ഇത് കോലിയുടെ അവസാന ലോകകപ്പാവാന്‍ സാധ്യതയുണ്ട്. സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് മഹത്തരമാണ്. എന്നാല്‍ കഠിനാധ്വാനിയായ കോലി ആ റെക്കോര്‍ഡ് അര്‍ഹിക്കുന്നുണ്ട്' എന്നും റിക്കി പോണ്ടിംഗ് ഐസിസിയുടെ വീഡിയോയില്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കാണ്. സച്ചിന് 49 ഉം രണ്ടാമതുള്ള വിരാട് കോലിക്ക് 47 ഉം ശതകങ്ങളാണുള്ളത്. സച്ചിന്‍ 463 ഏകദിനങ്ങളില്‍ നിന്നാണ് നാല്‍പത്തിയൊമ്പത് സെഞ്ചുറി നേടിയതെങ്കില്‍ കോലിക്ക് 282 മത്സരങ്ങളില്‍ നിന്നുതന്നെ 47 ശതകങ്ങള്‍ സ്വന്തമായി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ കോലി 48-ാം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 85 റണ്‍സില്‍ വച്ച് പുറത്തായി. നാളെ അഫ്‌ഗാനിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം. ഇതില്‍ കോലി മൂന്നക്കം കാണും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read more: ടോപ് ക്ലാസ് ടോപ്‌ലി ബൗളിംഗ്; അടിച്ചും എറിഞ്ഞും ബംഗ്ലാ കടുവകളെ തീര്‍ത്ത് ഇംഗ്ലണ്ട്, ഉഗ്രന്‍ ജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
