ഓസ്ട്രേലിയക്കെതിരെ ഈയിടെ അവസാനിച്ച മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ ഗില്ലായിരുന്നു

മുംബൈ: ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇതിഹാസ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. ഗില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി മാറുമെന്ന് യുവി പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന ശുഭ്‌മാന്‍ ഗില്‍ ഈ വര്‍ഷം മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ഓസ്ട്രേലിയക്കെതിരെ ഈയിടെ അവസാനിച്ച മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ ഗില്ലായിരുന്നു. 

'ഈ തലമുറയിലെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് 24കാരനായ ശുഭ്‌മാന്‍ ഗില്ലിനുണ്ട്. ഏറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് ഗില്‍. 19- 20 വയസ് പ്രായമുള്ളപ്പോഴേ ഗില്ലിന്‍റെ സമീപനം അത്തരത്തിലായിരുന്നു. ആ പ്രായത്തിലുള്ള ഒരു താരം വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ നാലുമടങ്ങ് ഗില്‍ കഠിനാധ്വാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമായി മാറാന്‍ ശുഭ്‌മാന്‍ ഗില്ലിനാകും. ഓസ്ട്രേലിയയിലേക്കുള്ള ആദ്യ പര്യടനത്തില്‍ മികച്ച ബാറ്റിംഗ് ഗില്‍ പുറത്തെടുത്തിരുന്നു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും റണ്‍സേറെ നേടാന്‍ ഗില്ലിനാകും' എന്നും യുവ്‌രാജ് സിംഗ് ദി വീക്കിനോട് പറഞ്ഞു. 

ഐപിഎല്‍ 2023 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഫോം ഇതിന് ശേഷമൊന്ന് മങ്ങിയെങ്കിലും ഏഷ്യാ കപ്പിലെ ടോപ് സ്കോററായി താരം ശക്തമായി തിരിച്ചുവന്നു. വിന്‍ഡീസിന് എതിരായ ടെസ്റ്റ്, ട്വന്‍റി 20 പരമ്പരകളില്‍ മോശം പ്രകടനമാണ് ഗില്‍ കാഴ്‌ചവെച്ചത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 75.50 ശരാശരിയില്‍ 302 റണ്‍സ് നേടി. ഇതിന് ശേഷം ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളില്‍ 178 റണ്‍സ് 89 ശരാശരിയില്‍ അടിച്ചുകൂട്ടി. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഉറച്ച പ്രതീക്ഷകളിലൊന്നാണ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. 

Read more: പൊളിഞ്ഞ പിച്ചില്‍ ഏത് വിഡ്‌ഢിക്കും വിക്കറ്റ് വാരാം, അശ്വിനെ കടന്നാക്രമിച്ച് മുന്‍ താരം; തിരിച്ചടിച്ച് ഫാന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം