ബറോഡയ്ക്കായി 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 36.40 ശരാശരിയില്‍ 5,788 റണ്‍സ് നേടി. 17 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും നേടിയ ഗായ്ക്വാദ് ആഭ്യന്തര ക്രിക്കറ്റിലെ വിലയേറിയ താരമായിരുന്നു.
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകന്‍ ദത്താജിറാവു കൃഷ്ണറാവു ഗെയ്കവാദ് (95) അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു മുന്‍ താരത്തിന്റെ അന്ത്യ. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ടെസ്റ്റ് താരമായിരുന്നു അദ്ദേഹം. ഡി കെ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1952 മുതല്‍ 1961 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അരങ്ങേറ്റം. വലങ്കയ്യന്‍ ബാറ്ററായിരുന്നു അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് 11 ടെസ്റ്റ് കളിച്ചു. 18.42 ശരാശരിയില്‍ 350 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടും.
ബറോഡയ്ക്കായി 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 36.40 ശരാശരിയില്‍ 5,788 റണ്‍സ് നേടി. 17 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും നേടിയ ഗായ്ക്വാദ് ആഭ്യന്തര ക്രിക്കറ്റിലെ വിലയേറിയ താരമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25 വിക്കറ്റും ഡി കെ വീഴ്ത്തി. വിരമിച്ച ശേഷം, ഡികെ ബറോഡ ക്രിക്കറ്റ് അസോസിയേഷനില്‍ വളര്‍ന്നുവരുന്ന നിരവധി ക്രിക്കറ്റ് താരങ്ങളെ സഹായിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.
ഡി കെയുടെ വിയോഗത്തില്‍ ഇര്‍ഫാന്‍ പത്താന്‍ അ്‌ദേഹത്തെ ഓര്‍ത്തെടുക്കുന്നുമുണ്ട്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ എക്‌സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ഇങ്ങനെ... ''വഡോദരയിലെ മോട്ടിബാഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ആല്‍മരത്തിന്റെ തണലില്‍, തന്റെ നീല മാരുതി കാറില്‍ ഇരുന്നുകൊണ്ട് ഗെയ്ക്വാദ് സാര്‍ യുവ പ്രതിഭകളെ നിരീക്ഷിക്കുമായിരുന്നു. ബറോഡ ടീമിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ആഴത്തില്‍ വേദനിപ്പിക്കുന്നു. ക്രിക്കറ്റ് സമൂഹത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്.'' ഇര്‍ഫാന്‍ കുറിച്ചിട്ടു.
1957-58 രഞ്ജി ട്രോഫി സീസണില്‍ ബറോഡയെ നയിച്ച ഡി കെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായിരുന്നു അന്‍ഷുമാന്‍ ഗെയ്കവാദ് മകനാണ്. 71-കാരനായ അദ്ദേഹം ടെസ്റ്റ് - ഏകദിന ഫോര്‍മാറ്റുകളിലായി 55 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

