പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒമ്പതിന് 499 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 60 എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍ (32), നൈറ്റ്‌വാച്ച്മാനായി ക്രീസിലെത്തിയ ആന്റിച്ച് നോര്‍ജെ (0) എന്നിവരാണ് ക്രീസില്‍. 

പീറ്റര്‍ മലാന്‍ (18), സുബൈര്‍ ഹംസ (10) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡൊമിനിക് ബെസ്സാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ ബെന്‍ സ്റ്റോക്‌സ് (120), ഒല്ലി പോപ് (135) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാക് ക്രൗളി (44), സാം കുറാന്‍ (44) മാര്‍ക് വുഡ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ രണ്ടും ഡെയ്ന്‍ പാറ്റേഴ്‌സണ്‍, നോര്‍ജെ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.