ലോര്‍ഡ്‌സ്: അരങ്ങേറ്റ ടെസ്റ്റിന് പിന്നാലെ ഇംഗ്ലീഷ് താരം ഒല്ലീ റോബിൻസണെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. കൗമാര താരമായിരിക്കെ 2012ൽ ചെയ്‌ത ട്വീറ്റുകളുടെ പേരിലാണ് നടപടി. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു. 

വിവാദ ട്വീറ്റുകള്‍ക്ക് ന്യൂസിലൻഡിനെതിരെ ബുധനാഴ്‌ച തുടങ്ങിയ ടെസ്റ്റിന്‍റെ ആദ്യദിനത്തിന് ശേഷം താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പഴയ ട്വീറ്റുകൾ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ല. ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും പരാമർശങ്ങളിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നുമായിരുന്നു റോബിൻസണിന്‍റെ വാക്കുകള്‍. 

എന്നാൽ വംശീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു. ന്യൂസിലൻഡിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ ഏഴ് വിക്കറ്റുകൾ നേടിയ താരം 42 റൺസും നേടിയിരുന്നു. സസ്‌പെൻഷൻ വന്നതോടെ താരം ടീം ക്യാമ്പ് വിട്ടു. രണ്ടാം ടെസ്റ്റില്‍ ഇതോടെ താരത്തിന് കളിക്കാനാവില്ല. 

അതേസമയം ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 273 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നിന് 170 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 378 & 169/6 ഡി. ഇംഗ്ലണ്ട് 275 &  170/3. ന്യൂസിലന്‍ഡിനായി ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട ശതകം നേടിയ ഡെവോണ്‍ കോണ്‍വെയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ബെര്‍മിംഗ്ഹാമില്‍ ആരംഭിക്കും.  

എട്ടു വർഷം മുമ്പ് നടത്തിയ വംശീയ ട്വീറ്റുകൾ; മാപ്പു പറഞ്ഞ് ഇം​ഗ്ലണ്ട് പേസർ‌

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona