രാഹുലിന് ചെറിയ പരിക്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാ അജിത് അഗാര്‍ക്കര്‍ തന്നെ പറയുന്നു. പിന്നെ എന്തിനാണ് പരിക്കുള്ള താരങ്ങളെ ടീമിലെടുക്കുന്നത്. കായികക്ഷമത ഇല്ലാത്തവരെ ഒരിക്കലും ടീമിലെടുക്കരുത്.
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നേരിയ പരിക്കുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. കെ എല്‍ രാഹുലിന് പരിക്കുണ്ടെന്ന് വ്യക്തമായാല്‍ അയാളെ ടീമിലെടുക്കരുതായിരുന്നുവെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.
രാഹുലിന് ചെറിയ പരിക്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാ അജിത് അഗാര്‍ക്കര്‍ തന്നെ പറയുന്നു. പിന്നെ എന്തിനാണ് പരിക്കുള്ള താരങ്ങളെ ടീമിലെടുക്കുന്നത്. കായികക്ഷമത ഇല്ലാത്തവരെ ഒരിക്കലും ടീമിലെടുക്കരുത്. രാഹുലിനെ ലോകകപ്പ് ടീമിലെടുക്കുന്നത് വേറെ കാര്യമാണ്. പക്ഷെ പരിക്കുള്ള ഒരു കളിക്കാരനെയും ടീമിലെടുത്ത് ഏഷ്യാ കപ്പിന് പോവരുതായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവില്ലെന്നാണ് ചീഫ് സെലക്ടര്‍ പറയുന്നത്. അതുകൊണ്ടാണ് സഞ്ജു സാംസണെ ടീമിലെടുത്തത് എന്നും അഗാര്‍ക്കര്‍ വിശദീകരിക്കുന്നു. ഇതിനെക്കുറിച്ചൊക്കെ എന്ത് പറയാനാണ്.
വീമ്പു പറയുന്നതല്ല, ഞങ്ങളുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. ഞാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് പരിക്കുണ്ടെങ്കില്‍ ആ കളിക്കാരനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. കാരണം മുന്‍ അനുഭവം ആണ്. മുമ്പ് വിവിഎസ് ലക്ഷ്മണ് പരിക്കുണ്ടായിട്ടും മത്സര ദിവസമാകുമ്പോഴേക്കും പരിക്ക് ഭേദമാകുമെന്ന് കരുതി ടീമിലെടുത്തു. ലക്ഷ്മണ്‍ തന്നെ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഇത്. എന്നാല്‍ മത്സര ദിവസം കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ ലക്ഷ്മണ്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. പകരം രോഹിത് ശര്‍മയെ ഞങ്ങള്‍ ടീമിലെടുത്തു.
ഏഷ്യാ കപ്പിൽ അവനെ ഉറപ്പായും പരിഗണിക്കണമായിരുന്നുവെന്ന് ഗംഭീർ; വിയോജിച്ച് മുന്‍ ചീഫ് സെലക്ടർ
എന്നാല്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ രോഹിത്തിനും മത്സരദിവസം പരിക്കേറ്റതോടെ വേറെ വഴിയില്ലാതെ വൃദ്ധിമാന്‍ സാഹയെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കേണ്ടിവന്നു. അതിനുശേഷം ഒരിക്കലും ഞങ്ങള്‍ പരിക്കുള്ള കളിക്കാരനെ ടീമിലെടുത്തിട്ടില്ല. ഇവിടെ രാഹുലിനെ ടീമിലെടുത്തതിലൂടെ ലോകകപ്പ് ടീം സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണ ഇല്ലെന്നാണ് മനസിലാവുന്നത്. അതിനാണ് കൃത്യമായ സെലക്ഷന്‍ നയം വേണമെന്ന് പറയുന്നത്.
ഏഷ്യാ കപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിനാണ് നമ്മള്‍ പോകുന്നത്. കഴിഞ്ഞ രണ്ട് തവണയും നമ്മള്‍ ഫൈനലില്‍ പോലും എത്തിയിട്ടില്ല. അതുകൊണ്ട് പരിക്കുള്ള കളിക്കാരനെ ടീമിലെടുക്കുന്നത് രാജ്യത്ത് പ്രതിഭാധനരായ മറ്റ് കളിക്കാരാരും ഇല്ലെന്ന് പറയുന്നത് പോലെയാണെന്നും ശ്രീകാന്ത് പറഞ്ഞു.
