വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ വിശാഖപട്ടണത്ത് തുടക്കം കുറിക്കുകയാണ്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. മത്സരത്തിനുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യും. മറ്റൊരു പ്രധാനമാറ്റം ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ്. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റിന് പിന്നില്‍. മോശം ഫോമാണ് പന്തിന് വിനയായത്. 

പരമ്പരയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. വിജയിച്ചാല്‍ ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചായ 11ാം തവണ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ടീമായി മാറും ഇന്ത്യ. ഇപ്പോഴത്തെ ഫോമില്‍ ഈ റെക്കോഡ് സ്വന്തമാക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസമാണ്. പ്രത്യേകിച്ച് യുവനിരയുമായി വരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. 

ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്‌സില്‍ പരീശീലനം നടത്തിയിരുന്നു. വിരാട് കോലി, രോഹിത് ശര്‍ എന്നിവര്‍ക്ക് മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും പന്തെറിഞ്ഞ് കൊടുത്തു.