Asianet News MalayalamAsianet News Malayalam

ഒരു സിക്സ് അല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചതെന്ന് ഗൌതം ഗംഭീര്‍

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൌതം ഗംഭീര്‍ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 

One six didn't win us the World Cup Gautam Gambhir
Author
New Delhi, First Published Apr 2, 2021, 10:33 AM IST

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്‍റെ 10 വാര്‍ഷികമാണ് ഇന്ന്. ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ അന്ന് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍ നേടിയത് ഗൌതം ഗംഭീറാണ് 97 റണ്‍സ്. പത്താംവാര്‍ഷികത്തില്‍ ഈ വിജയത്തിന്‍റെ അവകാശം നല്‍കേണ്ടത് ടീം മികവിനാണ് എന്നാണ് ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം കൂടിയായ ഗംഭീര്‍ പറയുന്നു. 

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൌതം ഗംഭീര്‍ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 2011 ലോകകപ്പ് ഒരാളുടെ മികവില്‍ നേടിയ കിരീടമല്ല. മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റായ യുവരാജ് സിംഗ് അടക്കം നിരവധി ഹീറോകള്‍ ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഗംഭീര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷവും,  ഒരു സിക്സ് അല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചതെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്താണ് വിശദീകരണം എന്നാണ് ചോദ്യം വന്നത്. ഒരു വ്യക്തിക്ക് ലോകകപ്പ് ജയിക്കാന്‍ സാധിക്കുമോ.?, അങ്ങനെയാണെങ്കില്‍ ഇതുവരെയുള്ള ലോകകപ്പൊക്കെ ഇന്ത്യ ജയിക്കണമായിരുന്നു. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഇത് ചിലരെ വീര ആരാധന നടത്തുന്നതിന്‍റെ ഭാഗമാണ്. ഒരു ടീം ഗെയിമില്‍ വ്യക്തികള്‍ക്ക് പ്രധാന്യമില്ല - ഗംഭീര്‍ പറയുന്നു.

നിങ്ങള്‍ക്ക് 2011 ല്‍ സഹീര്‍ഖാന്‍റെ സംഭാവന മറക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്‍റെ ഫൈനലിലെ തുടര്‍ച്ചയായ മൂന്ന് മെയിഡിന്‍ ഓവറുകള്‍, യുവരാജ് ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്ത കളി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സച്ചിന്‍റെ സെഞ്ച്വറി?, ഒരു സിക്സ് ലോകകപ്പ് ജയിപ്പിച്ചുവെന്ന് കരുതുന്നുണ്ടെങ്കില്‍ യുവരാജ് ആറ് ലോകകപ്പ് നേടാനായി. ഇത്തരം സംഭാവനകള്‍ മറന്ന് നാം ഇപ്പോഴും ഒരു സിക്സിനെക്കുറിച്ച് സംസാരിക്കുന്നു.

Follow Us:
Download App:
  • android
  • ios