ദുബായ്: ഐപിഎല്ലിനായി യുഎഇയിലേക്ക് പറക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ക്കായി അഞ്ച് ദിവസത്തെ പരിശീലന ക്യാംപ് നടത്തിയിരുന്നു. ചെന്നൈ നടന്ന ക്യാംപില്‍ ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, മുരളി വിജയ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുക്കുകയും ചെയ്തു. ഐപിഎല്ലിലെ മറ്റൊരു ടീമും ഇത്തരത്തില്‍ ഒരു ക്യാംപും ഒരുക്കിയിരുന്നില്ല. ചെന്നൈ മാത്രമാണ് യുഎഇലിലേക്ക് പോകുംമുമ്പ് ക്യാംപ് നടത്തിയത്. ഈ ക്യാംപ് ഒരുപാട് ഗുണം ചെയ്തുവെന്നാണ് റായുഡു ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ പറഞ്ഞത്.

ക്യാംപ് ഒരുക്കിയതിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. ഇത്തരത്തില്‍ വിജയകരമായ ക്യാംപ് ഒരുക്കിയതിന് പിന്നില്‍ ധോണിയാണെന്നാണ് കാശി പറയുന്നത്. അദ്ദേത്തിന്റെ വാക്കുകള്‍. ''ടൂര്‍ണമെന്റ് നടക്കുമെന്ന് ഉറപ്പായ സമയത്ത് ചെന്നൈയില്‍ ഒരു ക്യാംപ് സംഘടിപ്പിക്കേണ്ടതുണ്ടോ എനിക്ക് ആശയകുഴപ്പമുണ്ടായിരുന്നു. കാരണം ബയോ- ബബില്‍ സര്‍ക്കിള്‍ ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ ധോണിയോട് ചോദിച്ചിട്ടാണ് സംശയം തീര്‍ത്തത്. അദ്ദേഹത്തിന് ഞാന്‍ സന്ദേശമയച്ചു. 

ക്യാംപ് ഒരുക്കാനാണ് ധോണി പറഞ്ഞത്. നമ്മള്‍ 4-5 മാസം ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ട് ചെന്നൈയില്‍ ഒത്തുച്ചേര്‍ന്ന ശേഷം യുഎഇയിലേക്ക് പോയാല്‍ മതിയെന്ന് ധോണി പറഞ്ഞു. അങ്ങനെയെങ്കില്‍ ബയോ- ബബിള്‍ സര്‍ക്കിളുമായി താരങ്ങള്‍ പരിചയമാവുമെന്നായിരുന്നു ധോണിയുടെ പക്ഷം. ആ തീരുമാനം ശരിയായിരുന്നു. യുഎഇയിലെത്തിയപ്പോള്‍ താരങ്ങള്‍ പുതിയ സാഹചര്യവുമൊത്ത് പെട്ടന്ന് ഇടപഴകി.'' അദ്ദേഹം പറഞ്ഞു.