ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാകും അടുത്തവര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പേസ് പടയെ നയിക്കുക. നാലാം പേസറുടെ സ്ഥാനം മാത്രമാണ് ഇനി നികത്താനുളളത്.

ഹൈദരാബാദ്: അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെ പേസ് ബൗളര്‍മാരെ ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പേസ് ബൗളിംഗില്‍ ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് ഒഴിവുള്ളതെന്നും കോലി പറഞ്ഞു.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാകും അടുത്തവര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പേസ് പടയെ നയിക്കുക. നാലാം പേസറുടെ സ്ഥാനം മാത്രമാണ് ഇനി നികത്താനുളളത്. ഇടംകൈയന്‍ പേസറെ കിട്ടിയാല്‍ ബൗളിംഗില്‍ വൈവിധ്യമാവുമെന്ന കണക്കുകൂട്ടലില്‍ ഖലീല്‍ അഹമ്മദിന് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ മികവിലേക്ക് ഉയരാന്‍ ഖലീലിനായിട്ടില്ല.

ഖലീല്‍ അഹമ്മദിനെ ഒഴിവാക്കിയാല്‍ നാലാം പേസറായി വലം കൈയന്‍ ദീപക് ചാഹറിനെ തന്നെയാവും സെലക്ടര്‍മാര്‍ ആശ്രയിക്കുക എന്നാണ് സൂചന. ബംഗ്ലാദേശിനെതിരെ ചാഹര്‍ മിന്നുന്ന ഫോമിലായിരുന്നു. ടെസ്റ്റില്‍ മികവ് കാട്ടുന്ന ഷമിയ്ക്ക് ടി20യിലും മികവ് കാട്ടാനാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. 2017ലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്.