പ്രഥമ ഐപിഎല്ലിൽ ഹർഭജൻ സിംഗ് എസ്. ശ്രീശാന്തിനെ അടിക്കുന്ന വീഡിയോ 18 വർഷങ്ങൾക്ക് ശേഷം പുറത്തുവന്നു.
ലണ്ടന്‍: പ്രഥമ ഐപിഎല്ലിനിടെയാണ് വിവാദമായ സ്ലാപ്‌ഗേറ്റ് സംഭവമുണ്ടായത്. അന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മലയാളി താരം എസ്. ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിങ് മുഖത്തടിക്കുകയായിരുന്നു. സംഭവം വലിയ വിവാദമായി. മുഖത്തടിക്കുന്ന വീഡിയോ അന്ന് ആരും കണ്ടിരുന്നില്ല. ഇപ്പോള്‍, 18 വര്‍ഷത്തിന് ശേഷം വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അന്നത്തെ ഐപിഎല്‍ കമ്മിഷണറായ ലളിത് മോദി. മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്കിന്റെ ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
ഹര്‍ഭജന്‍, ശ്രീശാന്തിനെ തല്ലിയ സംഭവം മത്സരത്തിന് ശേഷം ടെലിവിഷനില്‍ കാണിക്കുന്നതിനിടെ ആയിരുന്നു. പരസ്യങ്ങള്‍ക്ക് ശേഷം പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ മുഖമാണ് ക്രിക്കറ്റ് ലോകം കണ്ടത്. അന്ന് ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിച്ചിരുന്നവരാണ് ഇരുവരും. അന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു ഹര്‍ഭജന്‍. തോറ്റ് നില്‍ക്കുന്ന ക്യാപ്റ്റനടുത്തേക്ക് ചിരിച്ചു കൊണ്ട് ശ്രീശാന്ത് എത്തി ദൗര്‍ഭാഗ്യം എന്ന് പറഞ്ഞതാണ് ഹര്‍ഭജനെ പ്രകോപിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അതിന് മറുവാദവും അന്നുണ്ടായിരുന്നു. ഷോണ്‍ പൊള്ളോക്കിനെ ശ്രീശാന്ത് പുറത്താക്കിയതിന് ശേഷം മുംബൈ ടീമുമായി വാക്കേറ്റമുണ്ടായെന്നും അതിന് ശേഷമാണ് ഹര്‍ഭജന്‍, താരത്തെ കയ്യേറ്റം ചെയ്തതെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്തായാലും സംഭവം നേരില്‍ കണ്ടവര്‍ക്കെല്ലാം അമ്പരപ്പായിരുന്നു. എന്തിനായിരിക്കും സഹതാരത്തെ ഹര്‍ഭജന്‍ തല്ലിയിട്ടുണ്ടാവുകയെന്ന് തലങ്ങും വിലങ്ങും ചോദ്യമുയര്‍ന്നു. മത്സരശേഷം താരങ്ങള്‍ ഹസ്തദാനം ചെയ്യുന്നതിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് ശ്രീശാന്തിനും മനസിലാകാന്‍ സമയമെടുത്തു. ഹര്‍ഭജന് നേരെ തിരിഞ്ഞ ശ്രീശാന്തിനെ ഇര്‍ഫാന്‍ പഠാനും മഹേള ജയവര്‍ധനെയുമാണ് പിടിച്ചുമാറ്റിയത്. ഇതെല്ലാം വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്തായാലും ഇപ്പോള്‍ ദേശീയ മാധ്യങ്ങളെല്ലാം വീഡിയോ വാര്‍ത്തയാക്കിയിട്ടുണ്ട്.
ശ്രീശാന്തിനെ തല്ലിയതിന് ശേഷം ഹര്‍ഭജന്‍ ഡ്രസിങ് റൂമിലെത്തി മാപ്പു പറഞ്ഞിരുന്നു. പിന്നാലെ സീസണിലെ മറ്റ് മല്‍സരങ്ങളില്‍ നിന്ന് ബിസിസിഐ താരത്തെ പുറത്താക്കുകയും ചെയ്തു. പഞ്ചാബ് ക്യാപ്റ്റന്‍ യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ഭജനെതിരെ തിരിഞ്ഞു. നാളുകള്‍ക്ക് ശേഷവും ഹര്‍ഭജന്‍, ശ്രീയോട് മാപ്പ് പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും തിരുത്താന്‍ സാധിച്ചിരുന്നെങ്കില്‍ അന്നത്തെ ആ തല്ല് മാത്രമാകും താന്‍ തിരുത്തുകയെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പിന്നീട് ഇരുവരും വീണ്ടും സുഹൃത്തുക്കളായിരുന്നു.

