സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് മുന്‍പ് ആതിഥേയര്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. വിദേശ താരങ്ങളെ എന്നും വലയ്‌ക്കാറുള്ള ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ ഇന്ത്യയെ തളയ്‌ക്കാന്‍ തങ്ങള്‍ക്കാവും എന്ന ആത്മവിശ്വാസം ഫിഞ്ച് പ്രകടിപ്പിച്ചു. 

'ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ തങ്ങളുടെ ഗെയിം പ്ലാനിനെ കുറിച്ച് ടീമുകള്‍ക്ക് സംശയങ്ങളുണ്ടാവാറുണ്ട്. കാരണം, ഉപഭുഖണ്ഡത്തിലെ ടീമുകള്‍ ആധിപത്യം സ്ഥാപിക്കുക പതിവാണ്. എന്നാല്‍ ഞങ്ങളുടെ ഗെയിം പ്ലാന്‍ ഉപഭൂഖണ്ഡത്തിന് അനുയോജ്യമാണ് എന്നത് ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യയെ ഇന്ത്യയില്‍ തകര്‍ക്കാനുള്ള കരുത്ത് ഓസീസിനുണ്ട്' എന്ന് പര്യടനത്തിനായി തിരിക്കും മുന്‍പ് ഫിഞ്ച് വ്യക്തമാക്കി.

'ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലബുഷെയ്ന്‍ അവിശ്വസനീയമായി കളിക്കുന്നു. അത് അയാള്‍ തുടരുന്നു. ഏകദിന ടൂര്‍ണമെന്‍റായ മാര്‍ഷ് കപ്പില്‍ മാര്‍നസിന്‍റെ പ്രകടനം മികച്ചതായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിംഗിന് കടുപ്പമേറിയ ക്വീന്‍ഡ്‌ലന്‍ഡില്‍ മൂന്നാമതും നാലാമതും ഇറങ്ങി 40ഓളം ശരാശരി കണ്ടെത്താനായി. സ്‌പിന്നിനെതിരെ ലബുഷെയ്‌ന്‍ നന്നായി കളിക്കുന്നത് ഇന്ത്യയില്‍ ഗുണം ചെയ്യും' എന്നും ഫിഞ്ച് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വിസ്‌മയ ഫോം തുടരുന്ന മാര്‍നസ് ലബുഷെയ്‌ന്‍ ഏകദിന അരങ്ങേറ്റം കുറിക്കാനാണ് തയ്യാറെടുക്കുന്നത്.

ഓസീസ് പരിചയസമ്പന്നരായ ഗ്ലെന്‍ മാക‌്സ്‌വെല്‍, ഷോണ്‍ മാര്‍ഷ്, ഉസ്‌മാന്‍ ഖവാജ, നാഥന്‍ ലയണ്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത്. എന്നാല്‍ ടീമില്‍ തിരിച്ചെത്താന്‍ ഈ താരങ്ങള്‍ക്കെല്ലാം അവസരമുണ്ടെന്ന് ഫിഞ്ച് വ്യക്തമാക്കി. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വിശ്രമത്തിലായതിനാല്‍ സഹ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണള്‍ഡാണ് ഓസീസിനൊപ്പം ഇന്ത്യയിലെത്തുക. ജനുവരി 14ന് മുംബൈയിലും 17ന് രാജ്‌കോട്ടിലും 19ന് ബെംഗളൂരുവിലുമാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ മത്സരങ്ങള്‍.

ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്(നായകന്‍), അഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, കെയ്ന്‍
റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, ആഷ്‌ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ