സെഞ്ചുറി അടിച്ചാല്‍ പോലും ആ കളിയിലെ തന്റെ കുറവുകളെക്കുറിച്ചേ ഗംഭീര്‍ സംസാരിക്കു. ഞാന്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ മാനസികമായി ഏറ്റവും ദുര്‍ബലനും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ക്രിക്കറ്ററുമാണ്  ഗംഭീര്‍.

ദില്ലി: ഗൗതം ഗംഭീറിന്റെ വ്യക്തിത്വ വിശേഷണങ്ങള്‍ തുറന്നുകാട്ടി ഇന്ത്യന്‍ ടീം മുന്‍ മെന്റല്‍ ട്രെയിനര്‍ പാഡി അപ്ടന്റെ പുസ്തകം. ഗൗതം ഗംഭീര്‍ മാനസികമായി ദുര്‍ബലനും നിഷേധ സ്വഭാവമുള്ളയാളും ശുഭാപ്തിവിശ്വാസമില്ലാത്ത വ്യക്തിയുമാണെന്ന് 'The Barefoot Coach' എന്ന തന്റെ പുസ്തകത്തില്‍ അപ്ടണ്‍ പറഞ്ഞു. പക്ഷെ ഇതൊന്നും തന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാവാന്‍ ഗംഭീറിന് തടസമായില്ലെന്ന് അപ്ടണ്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഗംഭീറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. സെഞ്ചുറി അടിച്ചാല്‍ പോലും ആ കളിയിലെ തന്റെ കുറവുകളെക്കുറിച്ചേ എപ്പോഴും ഗംഭീര്‍ സംസാരിക്കു. ഞാന്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ മാനസികമായി ദുര്‍ബലനും അരക്ഷിതാവസ്ഥ അനുഭവിക്കുന്നയാളും ശുഭാപ്തി വിശ്വാസമില്ലാത്ത ക്രിക്കറ്ററുമാണ് ഗംഭീര്‍. ഇതൊക്കെയാണെങ്കിലും അദ്ദേഹം തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായിരുന്നുവെന്ന് നിസംശയം പറയാം. അതുകൊണ്ടാണ് 2009ലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2011 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അദ്ദേഹം അത് വീണ്ടും തെളിയിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ എപ്പോഴും വികാരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ള കളിക്കാരന്‍ എം എസ് ധോണിയായിരുന്നു. ധോണി വികാരങ്ങള്‍ നിയന്ത്രിക്കുകയല്ല, വികാരങ്ങളോട് എപ്പോഴും ഒരു അകലം പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ചിലര്‍ക്ക് ജന്‍മനാ ലഭിക്കുന്ന കഴിവാണെന്നും അപ്ടണ്‍ പുസ്തകത്തില്‍ പറയുന്നു.

അപ്ടന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ മോശം അര്‍ത്ഥത്തിലല്ല കാണുന്നില്ലെന്ന് ഗംഭീര്‍ പ്രതികരിച്ചു. ക്രിക്കറ്ററെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ടാണ് സെഞ്ചുറി അടിച്ചാല്‍ പോലും താന്‍ അതില്‍ സംതൃപ്തനാവാതിരുന്നതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ഗംഭീര്‍ പറഞ്ഞു. അപ്ടന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ യാതൊരു തെറ്റുമില്ല. ക്രിക്കറ്റര്‍ എന്ന നിലയില്‍ എപ്പോഴും പ്രകടനം മെച്ചപ്പെടുത്താനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും ഗംഭീര്‍ വ്യക്തമാക്കി.