അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഫോളോ ഓണ്‍. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ആറ് വിക്കറ്റുമായി തീപാറിച്ചപ്പോള്‍ പാകിസ്ഥാന്‍ 287 റണ്‍സ് ലീഡ് വഴങ്ങിയതോടെയാണിത്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യാസിര്‍ ഷായുടെയും(213 പന്തില്‍ 113) തലനാരിഴയ്‌ക്ക് ശതകം നഷ്ടമായ ബാബര്‍ അസമിന്‍റെയും(97) പ്രതിരോധം വകവെക്കാതെയാണ് ഓസീസ് കൂറ്റന്‍ ലീഡ് നേടിയത്. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 589 പിന്തുടര്‍ന്ന പാക് ടീം 302 റണ്‍സില്‍ പുറത്തായി. 

ക്ലാസ് ബാബര്‍, അത്ഭുത ഷാ

ആറിന് 96 എന്ന നിലയിലാണ് മൂന്നാംദിനം പാകിസ്ഥാന്‍ ബാറ്റിംഗ് ആരംഭിച്ചത്. ബാബര്‍ അസമും യാസിര്‍ ഷായും കൂട്ടത്തകര്‍ച്ചയ്‌ക്കിടയില്‍ പാകിസ്ഥാനെ കാത്തു. എന്നാല്‍ 43 റണ്‍സുമായി ഇന്ന് ബാറ്റിംഗ് തുടങ്ങിയ ബാബര്‍ അസമിന് സെഞ്ചുറി തികയ്‌ക്കാനായില്ല. 132 പന്തില്‍ 97 റണ്‍സെടുത്ത ബാബറിനെ പുറത്താക്കി സ്റ്റാര്‍ക് അഞ്ച് വിക്കറ്റ് തികച്ചു. രണ്ടാംദിനം സ്റ്റാര്‍ക് നാല് പേരെ പുറത്താക്കിയിരുന്നു. ഏഴാം വിക്കറ്റില്‍ ബാബറും യാസിറും 105 റണ്‍സ് ചേര്‍ത്തു. 

ബാബറിനെ പുറത്താക്കി തൊട്ടടുത്ത പന്തില്‍ ഷഹീന്‍ അഫ്രിദിയെ ഗോള്‍ഡണ്‍ ഡക്കാക്കി സ്റ്റാര്‍ക് ഹാട്രിക്കിന് അടുത്തെത്തി. എന്നാല്‍ മുഹമ്മദ് അബ്ബാസിനെ കൂട്ടുപിടിച്ച് യാസിര്‍ ഷാ കൂറ്റന്‍ ലീഡെന്ന ഓസീസ് മോഹം വൈകിപ്പിച്ചു. എട്ടാമനായിറങ്ങിയ യാസിര്‍ ഷാ 192 പന്തില്‍ കന്നി ടെസ്റ്റ് സെഞ്ചുറി അടിച്ചെടുത്ത് ഞെട്ടിക്കുകയായിരുന്നു. 78 പന്തില്‍ 29 റണ്‍സെടുത്ത അബ്ബാസും വാലറ്റത്ത് പ്രതിരോധംതീര്‍ത്തു. അബ്ബാസിനെയും യാസിറിനെയും കമ്മിന്‍സ് പുറത്താക്കിയതോടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. 

ഒരവസരത്തില്‍ 89/6 എന്ന സ്‌കോറില്‍ നിന്ന പാകിസ്ഥാനാണ് 302 റണ്‍സിലെത്തിയത്. രണ്ടാം ദിനം ആറ് വിക്കറ്റ് പാകിസ്ഥാന് നഷ്ടമായിരുന്നു. ഷാന്‍ മസൂദ് (19), ഇമാം ഉല്‍ ഹഖ് (2), അസര്‍ അലി (9), ആസാദ് ഷഫീഖ് (9), ഇഫ്തിഖര്‍ അഹമ്മദ് (10), മുഹമ്മദ് റിസ്‌വാന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സ് മൂന്നും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്‌ത്തി. 

വാര്‍ണര്‍ സ്‌പെഷ്യല്‍ വിരുന്ന്

നേരത്തെ മൂന്നിന് 589 എന്ന നിലയില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയും(418 പന്തില്‍ പുറത്താവാതെ 335), മാര്‍നസ് ലബുഷാഗ്നെയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയുമാണ്(162) ഓസീസിന് തുണയായത്. പാക് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തില്‍ 200ഉം 389 പന്തില്‍ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്സും ഇതിനിടെ പറന്നു.അഡ്ലെയ്ഡ് സ്റ്റേഡിയത്തില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 

ടെസ്റ്റില്‍ ഒരു ഓസീസ് താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്ലറെ വാര്‍ണര്‍ പിന്നിലാക്കി. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളുടെ ചരിത്രത്തിലെരണ്ടാം ട്രിപ്പിള്‍ കൂടിയാണിത്. പാകിസ്ഥാന്റെ അഷര്‍ അലി നേടിയ 302 റണ്‍സ് മറികടക്കാനും വാര്‍ണര്‍ക്കായി.