ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം പാക് ടീമിന്‍റെ നായക പദവിയില്‍ നിന്ന് ഒഴിയണമെന്ന വാദം ഉയരുന്നതിനിടെയാണ് അബ്ദുല്‍ റസാഖ് വിവാദ പരാമര്‍ശം നടത്തിയത്.

കറാച്ചി: ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിക്കുന്നതിന്‍റെ ഭാഗമായി റസാഖ് നടത്തിയ പരാമര്‍ശത്തിനെതിരെ പാകിസ്ഥാനില്‍ നിന്നുപോലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവിച്ചത് നാക്കുപിഴയാണെന്നും ഐശ്വര്യയോട് വ്യക്തിപരമായി മാപ്പു പറയുന്നുവെന്നും റസാഖ് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിശദീകരിച്ചത്.

ഞാന്‍ അബ്ദുള്‍ റസാഖ്, ഇന്നലെ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ക്രിക്കറ്റ് പരിശീലനത്തിന്‍റെ ഉദ്ദ്യേശശുദ്ധിയെക്കുറിച്ച് പറയുന്നതിനിടെ എനിക്ക് നാക്കുപിഴച്ചു. ഞാന്‍ അബദ്ധത്തില്‍ ഐശ്വര്യ റായിയുടെ പേര് ഉപയോഗിച്ച് പരാമര്‍ശം നടത്തി. ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ല. മറ്റേതെങ്കിലും ഉദാഹരണം എനിക്ക് പറയാമായിരുന്നു. പക്ഷെ അബദ്ധത്തില്‍ അവരുടെ പേര് പറഞ്ഞുപോയി. അതില്‍ ഞാന്‍ വ്യക്തിപരമായി മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു റസാഖിന്‍റെ വിശദീകരണം.

ലോകകപ്പ് സെമിയിൽ ഇന്ത്യയെ ജയിപ്പിക്കാൻ അവസാന നിമിഷം ബിസിസിഐ പിച്ച് മാറ്റി, സെമി പോരിന് മുമ്പെ വിവാദം

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം പാക് ടീമിന്‍റെ നായക പദവിയില്‍ നിന്ന് ഒഴിയണമെന്ന വാദം ഉയരുന്നതിനിടെയാണ് അബ്ദുല്‍ റസാഖ് വിവാദ പരാമര്‍ശം നടത്തിയത്. ബാബറടക്കം പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ ഉദ്ദേശം നല്ലതായത് കൊണ്ട് മാത്രം കാര്യമില്ല എന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഐശ്വര്യ റായിയെ കുറിച്ചുള്ള അതിരുവിട്ട പരാമര്‍ശം. പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല എന്ന റസാഖിന്‍റെ പരാമര്‍ശമാണ് വിവാദമായത്.

അബ്ദുള്‍ റസാഖിന്‍റെ പരാമര്‍ശം കേട്ട് വേദിയിലുണ്ടായിരുന്ന പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയും മുന്‍ പേസര്‍ ഉമര്‍ ഗുല്ലും വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും കൈയ്യടിച്ച് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ മൂന്ന് പേര്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുന്‍ നായകന്‍ വഖാര്‍ യൂനിസ് അടക്കം റസാഖിനെ വിമര്‍ശിച്ച് രംഗത്തെത്തി.

ബംഗാള്‍ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം, ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലിനെ ബാധിക്കുമോ; മുംബൈയിലെ കാലാവസ്ഥാ പ്രവചനം

അബ്ദുല്‍ റസാഖിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് റസാഖിനൊപ്പമുള്ള ചിത്രങ്ങള്‍ പല വനിതാ ക്രിക്കറ്റ് ആരാധകരും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ചു. അഞ്ച് പെണ്‍കുട്ടികളുടെ അച്ഛനായ ഷഹീദ് അഫ്രീദി ഇത്തരമൊരു പരമാര്‍ശത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.1996 - 2013 കാലയളവില്‍ 343 അന്താരാഷ്ട്ര മത്സരങ്ങളില്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അബ്ദുല്‍ റസാഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക