'ഇത് ഐസിസി ലോകകപ്പല്ല, ബിസിസിഐ ടൂർണമെന്‍റ്', ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ തുറന്നടിച്ച് പാക് ടീം ഡയറക്ടർ
ലോകകപ്പില്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരു ഐസിസി ടൂര്‍ണമെന്‍റാണെന്ന് എനിക്ക് തോന്നിയില്ലെന്ന് തുറന്ന് പറയാതിരുന്നാല്‍ അത് വലിയ നുണയാവും. കാരണം, സ്റ്റേഡിയത്തിലെ മുഴുവന്‍ പിന്തുണയും ഇന്ത്യക്കായിരുന്നു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ബിസിസിഐക്കെതിരെ തുറന്നടിച്ച് പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. ഒരുലക്ഷത്തില്‍പ്പരം കാണികള്‍ക്ക് മുമ്പില്‍ നടന്ന മത്സരത്തില്‍ പാക് ടീമിന് സ്റ്റേഡിയത്തില്‍ നിന്ന് ഒറു പിന്തുണയും ലഭിച്ചില്ലെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു.
ലോകകപ്പില്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരു ഐസിസി ടൂര്‍ണമെന്‍റാണെന്ന് എനിക്ക് തോന്നിയില്ലെന്ന് തുറന്ന് പറയാതിരുന്നാല്‍ അത് വലിയ നുണയാവും. കാരണം, സ്റ്റേഡിയത്തിലെ മുഴുവന്‍ പിന്തുണയും ഇന്ത്യക്കായിരുന്നു. മത്സരത്തിനിടെ പാകിസ്ഥാനെ പിന്തുണക്കുന്ന ദില്‍ ദില്‍ പാകിസ്ഥാന്‍ എന്ന വാചകം ഒരിക്കലെങ്കിലും മുഴക്കാനുള്ള ആഹ്വാനം മൈക്കിലൂടെ മുഴങ്ങി കേട്ടതേയില്ല. ഇതൊക്കെ കണ്ടപ്പോള്‍ ഇത് ലോകകപ്പ് മത്സരമല്ല ദ്വിരാഷ്ട്ര പരമ്പരിലെ മത്സരമാണെന്നാണ് എനിക്ക് തോന്നിയത്. സ്റ്റേഡിയത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കാത്തത് പാകിസ്ഥാന്‍റെ തോല്‍വിക്ക് ഒരു ഒഴിവുകഴിവായി പറയുന്നതല്ല. പക്ഷെ അത് വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.
ആര്‍തറിന്‍റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്ന് പാകിസ്ഥാന്‍ പരിശീലകന്‍ ഗ്രാന്‍റ് ബ്രാഡ്ബേണ്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പിന്തുണക്കുന്ന ആരുമുണ്ടായിരുന്നില്ല. പാക് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്താതിരുന്നത് നിര്‍ഭാഗ്യമാണ്. അവര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ആരാധകരും സന്തോഷിക്കുമായിരുന്നുവെന്നും ബ്രാഡ്ബേണ്‍ വ്യക്തമാക്കി.
ഇന്നലെ മത്സരത്തിലെ ടോസിന് ശേഷം രവി ശാസ്ത്രി പാക് നായകന്‍ ബബര്‍ അസമിനെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ സ്റ്റേഡിയം കൂവലോടെയാണ് വരവേറ്റത്. ഇന്ത്യന്‍ ബാറ്റിംഗിനിടെ ശ്രേയസ് അയ്യര്‍ക്ക് നേരെ പാക് പേസര്‍ ഹാരിസ് റൗഫ് പന്ത് വലിച്ചെറിഞ്ഞപ്പോളും സ്റ്റേഡിയത്തില്‍ കൂവലുയര്‍ന്നിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ മുഴുവന്‍ സമയവും മുഴങ്ങിയതും ഇന്ത്യന്‍ ഗാനങ്ങളായിരുന്നു. ഇന്ത്യന്‍ താരങ്ങലെ അവതരിപ്പിച്ചപ്പോഴാകട്ടെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കൈയടികളാണുയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക