മുന്‍നിരയില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായ ഇമാമുള്‍ ഹഖ്, അസ്ഹര്‍ അലി, ബാബര്‍ അസം എന്നിവരെ വീഴ്ത്തിയ ലിയോണ്‍ വാലറ്റത്ത് ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.

ലാഹോര്‍: ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍( Nathan Lyon) ചരിത്രനേട്ടവുമായി ഇതിഹാസങ്ങള്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇടം നേടി. പാക്കിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 37 ഓവറില്‍ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ലിയോണാണ് ഓസീസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. പാക് മുന്‍നിരയും വാലറ്റവും ലിയോന്‍റെ സ്പിന്‍ കെണിയില്‍ കറങ്ങി വീഴുകയായിരുന്നു.

മുന്‍നിരയില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായ ഇമാമുള്‍ ഹഖ്, അസ്ഹര്‍ അലി, ബാബര്‍ അസം എന്നിവരെ വീഴ്ത്തിയ ലിയോണ്‍ വാലറ്റത്ത് ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ ടെസ്റ്റില്‍ എട്ട് വ്യത്യസ്ത രാജ്യങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡ് ലിയോണിന് സ്വന്തമായി.

Scroll to load tweet…

ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളിലാണ് ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡില്‍ മാത്രമാണ് ലിയോണിന് അഞ്ച് വിക്കറ്റ് നേട്ടമില്ലാത്തത്.

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, പാക്കിസ്ഥാന‍റെ വഖാര്‍ യൂനിസ്, വാസി അക്രം, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷെയ്ന്‍ വോണ്‍ എന്നിവരാണ് ലിയോണിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബൗളര്‍മാര്‍.

Scroll to load tweet…

24 വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഓസീസ് ബൗളറെന്ന നേട്ടവും ലിയോണ്‍ ഇന്ന് സ്വന്തം പേരിലാക്കി. 1998ലെ റാവല്‍പിണ്ടി ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് മക്‌ഗില്ലാണ് പാക്കിസ്ഥാനില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അവസാന ഓസീസ് സ്പിന്നര്‍. മക്‌ഗില്ലിന് മുമ്പ് 1994ല്‍ ഷെയ്ന്‍ വോണ്‍ പാക്കിസ്ഥാനില്‍ രണ്ട് തവണ അ‍ഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ജയം 2011നുശേഷം ഏഷ്യയില്‍ ഓസ്ട്രേലിയയുടെ ആദ്യ പരമ്പര നേട്ടം കൂടിയാണ്. 2011ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ഓസ്ട്രേലിയ ഏഷ്യയില്‍ അവസാനം പരമ്പര ജയിച്ചത്. ഓസീസിനെതിരെ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന മികച്ച നിലയിലാണ് ക്രീസിലിറങ്ങിയതെങ്കിലും 235 റണ്‍സിന് ഓള്‍ ഔട്ടായി. 24 വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.