ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം 50+ സ്കോർ എന്ന റിക്കി പോണ്ടിംഗിന്‍റെ റെക്കോർഡ് ബാബർ അസം സ്വന്തമാക്കി

കറാച്ചി: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ ബാബര്‍ അസമിന്‍റെ സെഞ്ചുറിക്കരുത്തില്‍ കുതിക്കുകയാണ് പാകിസ്ഥാന്‍. 2022ലെ എട്ടാം അന്താരാഷ്‍ട്ര സെഞ്ചുറിയാണ് ബാബർ അസം ഇന്ന് നേടിയത്. ഇതോടെ ഇതിഹാസ താരങ്ങളുടെയടക്കം നിരവധി റെക്കോർഡുകള്‍ പഴങ്കഥയായി. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്നത്തെ ബാബറിന്‍റെ ശതകം. 

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം 50+ സ്കോർ എന്ന റിക്കി പോണ്ടിംഗിന്‍റെ റെക്കോർഡ് ബാബർ അസം സ്വന്തമാക്കി. 24 തവണയാണ് 2005ൽ റിക്കി പോണ്ടിംഗ് 50ലധികം റൺസ് നേടിയത്. ഈ വർഷം 25-ാം തവണയാണ് ബാബർ 50 കടക്കുന്നത്. ഒരു കലണ്ടർ വർഷം ഏറ്റവുമധികം സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തം പേരിൽ ചേർക്കാനും ബാബറിനായി. ഇതിഹാസ താരങ്ങളായ വെസ്റ്റ് ഇൻഡീസിന്‍റെ ബ്രയാൻ ലാറ, ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ, ശ്രീലങ്കയുടെ മഹേല ജയവർധനെ, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് എന്നിവരുടെ റെക്കോർഡാണ് പഴങ്കഥയായത്. ഏഴ് സെഞ്ചുറികളാണ് ലാറയും വോയും ജയവര്‍ധനെയും നേടിയിരുന്നത്. എട്ട് ശതകങ്ങളുമായി ആകെ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ബാബറിന്‍റെ സ്ഥാനം. 

കറാച്ചി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റില്‍ ബാബര്‍ അസം തന്‍റെ സെഞ്ചുറി നേട്ടം 28ലെത്തിച്ചു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണം 9 ആയി. 2022ല്‍ ബാബറിന്‍റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. 16 ഇന്നിംഗ്‌സുകളില്‍ ഇതിന് പുറമെ ഏഴ് അര്‍ധ സെഞ്ചുറികളും പാക് നായകനുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പാക് താരമെന്ന നേട്ടത്തില്‍ നിലവിലെ ബാറ്റിംഗ് കോച്ച് കൂടിയായ മുന്‍താരം മുഹമ്മദ് യൂസഫിനെ മറികടക്കാനും കറാച്ചിയില്‍ ബാബറിനായി. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ളതും ബാബറിനാണ്. 

കറാച്ചി ടെസ്റ്റ്: ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം; കിവീസ് കളിക്കുന്നത് സൗത്തിക്ക് കീഴില്‍