ഓപ്പണർ ടോം ലാഥം, കെയ്ൻ വില്യംസൺ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് കിവികൾ കുതിച്ചത്. 191 പന്തിൽ ടോം ലാഥം 113 റൺസെടുത്തു. 220 പന്തിൽ 105 റൺസുമായി വില്യംസൺ ഇപ്പോഴും ക്രിസീലുണ്ട്
കറാച്ചി: പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി ന്യൂസിലൻഡ്. മൂന്നാം ദിനം അവസാനിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 440 റൺസ് എന്ന നിലയിലാണ് കിവികൾ. രണ്ട് റൺസ് ലീഡാണ് ന്യൂസിലൻഡ് ഇതുവരെ ചേർത്തിരിക്കുന്നത്. ഓപ്പണർ ടോം ലാഥം, കെയ്ൻ വില്യംസൺ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് കിവികൾ കുതിച്ചത്. 191 പന്തിൽ ടോം ലാഥം 113 റൺസെടുത്തു. 220 പന്തിൽ 105 റൺസുമായി വില്യംസൺ ഇപ്പോഴും ക്രിസീലുണ്ട്.
ഇവരെ കൂടാതെ 92 റൺസ് നേടിയ ഡെവോൺ കോൺവെയും മിന്നുന്ന പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഡാരി മിച്ചലിനും ടോം ബ്ലൻഡല്ലിലും അത് മുതലാക്കാൻ സാധിക്കാത്തത് ന്യൂസിലൻഡ് ആരാധകരെ നിരാശപ്പെടുത്തി. യഥാക്രമം 42, 47 എന്നിങ്ങനെയാണ് ഇരുവരും സ്കോർ ചെയ്തത്. വില്യംസണിനൊപ്പം ഇഷ് സോധിയാണ് ഇപ്പോൾ ക്രീസിൽ. പാകിസ്ഥാന് വേണ്ടി അബ്റാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് എറിഞ്ഞിട്ട് നൗമൻ അലിയും മികവ് കാട്ടി.
നേരത്തെ, പാകിസ്ഥാൻ ഉയർത്തിയ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ അതിഗംഭീര തുടക്കമാണ് കിവികൾക്ക് ലഭിച്ചത്. മൂന്നാം ദിനം കളി തുടങ്ങുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 165 റൺസ് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ, കോൺവെയെ വിക്കറ്റിന് മുന്നിൽ കുരുക്കി നൗമാൻ അലി പാക് പടയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. സെഞ്ചുറി നേടി അധികം വൈകാതെ ലാഥവും വീണതോടെ കെയ്ൻ വില്യംസൺ ടീമിനെ തോളിലേറ്റുകയായിരുന്നു.
കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 438 റണ്‍സാണ് ആദ്യ ഇന്നിംഗ്സിൽ കുറിച്ചത്. ബാബര്‍ അസമിന് (161) പുറമെ അഗ സല്‍മാനും (103) സെഞ്ചുറി നേടി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് (86) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസിലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ടിം സൗത്തിയാണ് തിളങ്ങിയത്.
