രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 165 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. 82 റൺസോടെ ഡെവോൺ കോൺവെയും 78 റൺസുമായി ടോം ലാഥവുമാണ് ക്രീസിൽ

കറാച്ചി: പാകിസ്ഥാന്റെ അടിക്ക് അതേ കരുത്തിൽ തിരിച്ചടി നൽകി ന്യൂസിലൻഡ്. ഒന്നാം ടെസ്റ്റിൽ പാകിസ്ഥാൻ ഉയർത്തിയ മികച്ച ഒന്നാം ഇന്നിം​ഗ്സ് സ്കോറിനെതിരെ അതി​ഗംഭീര തുടക്കമാണ് കിവികൾക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 165 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. 82 റൺസോടെ ഡെവോൺ കോൺവെയും 78 റൺസുമായി ടോം ലാഥവുമാണ് ക്രീസിൽ. പാകിസ്ഥാന്റെ ആദ്യ ഇന്നിം​ഗ്സ് സ്കോറിലേക്ക് എത്താൻ ന്യൂസിലൻഡിന് ഇനി 273 റൺസ് കൂടി വേണം.

നായകൻ ബാബർ അസം വരെ പന്തെടുത്തിട്ടും ഒരു വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തതിന്റെ നിരാശിലാണ് പാകിസ്ഥാൻ രണ്ടാം ദിനം കളി നിർത്തിയിട്ടുള്ളത്. നേരത്തെ, കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 438 റണ്‍സാണ് ആദ്യ ഇന്നിം​ഗ്സിൽ കുറിച്ചത്. ബാബര്‍ അസമിന് (161) പുറമെ അഗ സല്‍മാനും (103) സെഞ്ചുറി നേടി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് (86) മികച്ച പ്രകടനം പുറത്തെടുത്തു.

ടിം സൗത്തി ന്യൂസിലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മൂന്നിന് 317 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാം ദിനം ആരംഭിച്ചത്. അസമും സല്‍മാനുമായിരുന്നു ക്രീസില്‍. എന്നാല്‍ തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ അസം ആദ്യം മടങ്ങി. 280 പന്തുകള്‍ നേരിട്ട അസം ഒരു സിക്‌സും 15 ഫോറും നേടിയിരുന്നു. ഇതോടെ ആറിന് 318 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. എന്നാല്‍ 75 പന്തുകള്‍ നേരിട്ട നൂമാന്‍ അലി (7) സല്‍മാന് പിന്തുണ നല്‍കി. നൂമാന്‍ വിക്കറ്റ് പോവാതെ കാത്തു. സല്‍മാന്‍ അനായാസം റണ്‍സ് കണ്ടെത്തുകയും ചെയ്തു. നൂമാനെ പുറത്താക്കി നീല്‍ വാഗ്നര്‍ ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീടെത്തിയ മുഹമ്മദ് വസീം (2), മിര്‍ ഹംസ (1) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ സല്‍മാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 155 പന്തുകള്‍ നേരിട്ട താരം 17 ഫോറുകള്‍ നേടി. സല്‍മാന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. സൗത്തിയുടെ പന്തില്‍ സല്‍മാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ പാകിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. സൗത്തിക്ക് പുറമെ അജാസ് പട്ടേല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഗ്നര്‍ക്ക് ഒരു വിക്കറ്റുണ്ട്. കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണിന് ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്.

ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ആര് നേടും? സര്‍പ്രൈസ് മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍