കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിലാല്‍ ആസിഫ്, ഫഹീം അഷ്‌റഫ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചുയ കഷിഫ് ഭാട്ടി, ഉസ്മാന്‍ ഷിന്‍വാരി എന്നിവരെ ടീമില്‍ നിന്ന് ഒഴവാക്കിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ടെസ്റ്റ് നടക്കുന്നത്. റാവല്‍പിണ്ടിയില്‍ ഈ മാസം ഏഴിനാണ് ആദ്യ ടെസ്റ്റ്. ഏപ്രില്‍ മൂന്നിന് കറാച്ചിയിലാണ് രണ്ടാം ടെസ്റ്റ്. പിന്നാലെ ഏകദിന പരമ്പരയും നടക്കും. നേരത്തെ അവസാനിച്ച് ടി20 പരമ്പര  പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

അഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ആസിഫിന് വീണ്ടും അവസനം ഒരുക്കിയത്. ക്വയ്ദ് ഇ അസം ട്രോഫിയില്‍ 43 വിക്കറ്റുകളാണ്് താരം വീഴ്ത്തിയത്. അഷ്‌റഫ് ആവട്ടെ മൂന്ന് മത്സരങ്ങളില്‍ 118 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരിയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ ടീമിലേക്ക് പരിഗണിച്ചില്ല.

പാകിസ്ഥാന്‍ ടീം: അസര്‍ അലി (ക്യാപ്റ്റന്‍), ആബിദ് അലി, അസദ് ഷഫീഖ്, ബാബര്‍ അസം, ബിലാല്‍ ആസിഫ്, ഫഹീം അഷ്‌റഫ്, ഫവാദ് ആലം, ഹാരിസ് സൊഹൈല്‍, ഇമാം ഉള്‍ ഹഖ്, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്‌വാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, യാസിര്‍ ഷാ.