ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ എ ബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ 10 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്.
ലെസസ്റ്റര്‍: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ എ ബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ 10 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്. 41 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്‍റെയും 29 റണ്‍സുമായി പുറത്താകാതെ നിന്ന ഹാഷിം അംലയുടെയും ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 12.2 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
51 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് 15 ഫോറും ഏഴ് സിക്സും പറത്തി. ലിയാം പ്ലങ്കറ്റിന്‍റെ ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡിവില്ലിയേഴ്സ് പിന്നീട് 20 പന്തില്‍ സെഞ്ചുറിയിലെത്തി. 32 പന്തില്‍ 75 റണ്‍സിലെത്തിയ ഡിവില്ലിയേഴ്സ് ദിമിത്രി മസ്കാരനസിന്‍റെ ഓവറില്‍ തുടര്‍ച്ചയായി സിക്സുകൾ പറത്തിയാണ് 90കളില്‍ എത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ മസ്റ്റാര്‍ഡ്(39), സമിത് പട്ടേല്‍, ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന്‍(20) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ചാമ്പ്യൻസിനെ തകര്‍ത്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസാണ് പോയന്‍റ് പട്ടികയില്‍ ആറ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത്.
രണ്ട് കളികളില്‍ മൂന്ന് പോയന്‍റുള്ള ഓസ്ട്രേലിയ ചാമ്പ്യൻസ് രണ്ടാമതുള്ളപ്പോള്‍ പാകിസ്ഥാന്‍ ചാമ്പ്യൻസ് ആണ് മൂന്നാമത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറുകയും ദക്ഷിണാഫ്രികക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്ത ഇന്ത്യ ചാമ്പ്യൻസ് അവസാന സ്ഥാനത്താണ്.


