അവസാന ദിനം 48-3 എന്ന സ്കോറിലാണ് പാക്കിസ്ഥാന്‍ ക്രീസിലെത്തിയത്. രമേഷ് മെന്‍ഡിസിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറി നേടി ബാബര്‍ ലക്ഷ്യം വ്യക്തമാക്കി.

ഗോള്‍: ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് നാലു വിക്കറ്റ് ജയം. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ ലങ്ക വിറപ്പിച്ചെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഇമാം ഉള്‍ ഹഖിന്‍റെ പോരാട്ടവീര്യമാണ് പാക്കിസ്ഥാന് തുണയായത്. ഇമാം 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(24), സൗദ് ഷക്കീല്‍(30) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. സ്കോര്‍ ശ്രീലങ്ക 312, 279, പാക്കിസ്ഥാന്‍ 461, 133-6.

അവസാന ദിനം 48-3 എന്ന സ്കോറിലാണ് പാക്കിസ്ഥാന്‍ ക്രീസിലെത്തിയത്. രമേഷ് മെന്‍ഡിസിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറി നേടി ബാബര്‍ ലക്ഷ്യം വ്യക്തമാക്കി. തൊട്ടടുത്ത ഓവറില്‍ പ്രഭാത് ജയസൂര്യക്കെതിരെയും ബൗണ്ടറി നേടി ബാബര്‍ ആക്രമണം തുടര്‍ന്നു. പാക്കിസ്ഥാന്‍ ആനായാസം ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ ബാബറിനെ(24) വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രഭാത് ജയസൂര്യ പാക്കിസ്ഥാനെ ഞെട്ടിച്ചു.

തൊട്ടടുത്ത ഓവറില്‍ രമേഷ് മെന്‍ഡിസിനെ സൗദ് ഷക്കീലും ഇമാമും ഫോറിനും സിക്സിനും പറത്തി. എന്നാല്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിന് അടുത്തെത്തിയതിന് പിന്നാലെ രമേഷ് മെന്‍ഡിസ് സൗദ് ഷക്കീലിനെയും പിന്നീടെത്തിയ സര്‍ഫറാസ് അഹമ്മദിനെ പ്രഭാത് ജയസൂര്യയും വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ ഞെട്ടിയെങ്കിലും അഗ സല്‍മാന്‍റെ സിക്സോടെ പാക്കിസ്ഥാന്‍ വിജയവര കടന്നു. ലങ്കക്കായി പ്രഭാത് ജയസൂര്യ നാലു വിക്കറ്റെടുത്തപ്പോള്‍ രമേഷ് മെന്‍ഡിസ് ഒരു വിക്കറ്റെടുത്തു.

അവസരം കിട്ടിയാല്‍ അടിച്ചു തകര്‍ത്തോ, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് രോഹിത്തിന്‍റെ ഉപദേശം

നാലാം ദിനം ധനഞ്ജയ ഡിസില്‍വയുടെയും(82) നിഷാന്‍ മധുഷ്കയുടെയും(52) അര്‍ധസെഞ്ചുറികളുടെയും രമേഷ് മെന്‍ഡിസിന്‍റെയും(42), ദിനേശ് ചണ്ഡിമലിന്‍റെയും പ്രത്യാക്രമണങ്ങളുടെയും കരുത്തിലാണ് ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 279 റണ്‍സടിച്ചത്. മറുപടി ബാറ്റിംഗില്‍ അബ്ദുള്ള ഷഫീഖ്(8), ഷാന്‍ മസൂദ്(7), നൗമാന്‍ അലി(0) എന്നിവരെ തുടക്കത്തിലെ നഷ്ടമായതോടെയാണ് പാക്കിസ്ഥാന്‍ പ്രതിരോധത്തിലായത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 24ന് കൊളംബോയില്‍ നടക്കും.