ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുക
ലാഹോര്‍: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഏഷ്യന്‍ ടീമുകള്‍ക്ക് ഉചിതമായ മുന്നൊരുക്കമാണ് ഏഷ്യാ കപ്പ്. ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള കരുത്തുറ്റ ടീമുകള്‍ ഏഷ്യാ കപ്പില്‍ മുഖാമുഖം വരും. ഏഷ്യാ കപ്പില്‍ ഒരു ടീമുകള്‍ക്കും എളുപ്പമായിരിക്കില്ല പാകിസ്ഥാനെ മറികടക്കുക എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം. ടീം ഇന്ത്യ അടക്കമുള്ളവര്‍ക്കാണ് ബാബറിന്‍റെ പരോക്ഷമായ ജാഗ്രതാ നിര്‍ദേശം.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുക. അഫ്‌ഗാനിസ്ഥാനെതിരെ അവസാനം നടന്ന ഏകദിന പരമ്പര 3-0ന് തൂത്തുവാരി വരുന്ന പാകിസ്ഥാന്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 'ഏഷ്യാ കപ്പിന് ഇറങ്ങാനൊരുങ്ങുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങള്‍. അഫ്‌ഗാനിസ്ഥാനെതിരെ ഏകദിന പരമ്പര നേടിയത് ആത്മവിശ്വാസമാണ്. ആളുകള്‍ കരുതിയിരിക്കുന്ന പോലല്ല, അഫ്‌ഗാനെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല. സ്‌പിന്‍ സൗഹാര്‍ദ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണവര്‍. ഈ പരമ്പരയിലെ പ്രകടനം ഏഷ്യാ കപ്പിന് ഇറങ്ങും മുമ്പ് ആത്മവിശ്വാസം നല്‍കുന്നു. മികച്ച ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കാനാകും എന്നാണ് പ്രതീക്ഷ' എന്നും പാക് നായകന്‍ ബാബര്‍ അസം പറയുന്നു.
അഫ്‌ഗാനിസ്ഥാനെ 3-0ന് തകര്‍ത്തതോടെ പാകിസ്ഥാന്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയെ മറികടന്നാണ് പാക് നേട്ടം. ശ്രീലങ്കയില്‍ വച്ച് നടന്ന അഫ്‌ഗാനെതിരായ മത്സരങ്ങളില്‍ ആദ്യ ഏകദിനം 142 റണ്‍സിനും രണ്ടാം കളി ഒരു വിക്കറ്റിനും മൂന്നാം മത്സരം 59 റണ്‍സിനുമാണ് പാകിസ്ഥാന്‍ ജയിച്ചത്. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ഏവരും കാത്തിരിക്കുന്ന ആദ്യ ഇന്ത്യ- പാക് മത്സരം. ഇന്ത്യക്കും പാകിസ്ഥാനും പുറമെ നേപ്പാളും ബംഗ്ലാദേശും ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനുമാണ് ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ മാറ്റുരയ്‌ക്കുന്നത്.
Read more: ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകര്‍ഷണം നരേന്ദ്ര മോദി സ്റ്റേഡിയം; ഉദ്‌ഘാടന ചടങ്ങും അഹമ്മദാബാദില്‍
