മത്സരത്തിനിടെ റിസ്വാന്‍ 'തസ്ബീഹ് മാല' ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ഇന്ത്യതയോട് ആറ് വിക്കറ്റിന് തോറ്റതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡ് - ബംഗ്ലാദേസ് മത്സരത്തില്‍ കിവീസ് ജയിച്ചാല്‍ പാകിസ്ഥാന് ഔദ്യോഗികമായി മടങ്ങാം. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു പാകിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് മുന്നില്‍ പരാജയപ്പെട്ടു. പിന്നീട് ഇന്ത്യയോടും. ഇനി ബംഗ്ലാദേശിനെതിരായ മത്സരം മാത്രമാണ് അവശേഷിക്കുന്നത്. സ്വന്തം നാട്ടില്‍ മൂന്ന് മത്സരങ്ങളും തോല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് പാകിസ്ഥാന്റെ ശ്രമം.
ഇപ്പോള്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തിനിടെ റിസ്വാന്‍ 'തസ്ബീഹ് മാല' ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ വായിക്കാം...
ഇതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന പറഞ്ഞ കമന്റുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. റിസ്വാന്‍ തസ്ബീഹ് ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ രോഹിത് ശര്‍മ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നുണ്ടാകും എന്നായിരുന്നു റെയ്‌ന തമാശ രൂപേണ പറഞ്ഞത്. മഹാമൃത്യുഞ്ജയ മന്ത്രം ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തി ഭക്തനെ സുരക്ഷിതരാക്കാന്‍ സഹായിക്കുമെന്ന വിശ്വാസമുണ്ട്. പരാമര്‍ശമാണ് റെയ്‌ന നടത്തിയത്.
മത്സരത്തില്‍ വിരാട് കോലി നേടിയ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചിരുന്നു ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.
ഇതോടെ, പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു. സ്‌കോര്‍ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4.

