ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556നെതിരെ പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 148 റണ്‍സിന് പുറത്തായി. കറാച്ചിയില്‍ 407 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Strac) ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്വെപ്‌സണ് രണ്ട് വിക്കറ്റുണ്ട്.
കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ (PAK vs AUS) രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556നെതിരെ പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 148 റണ്‍സിന് പുറത്തായി. കറാച്ചിയില്‍ 407 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Strac) ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്വെപ്‌സണ് രണ്ട് വിക്കറ്റുണ്ട്. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. കൂറ്റന്‍ ലീഡുണ്ടെങ്കിലും പാകിസ്ഥാനെ ഫോളോഓണിന് വിടാതെ ഓസീസ് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു.
സ്‌കോര്‍ സൂചിപിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (13), ഇമാം ഉള്‍ ഹഖ് (20) എന്നിവരെ നഷ്ടമായി. ഇമാം നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് നല്‍കിയപ്പോള്‍ ഷെഫീഖ് റണ്ണൗട്ടാവുകയായിരുന്നു. അസര്‍ അലിയേയും (14), ഫവാദ് അലമിനേയും (0) സ്റ്റാര്‍ക്ക് പുറത്താക്കി. വിശ്വസ്തനായ മുഹമ്മദ് റിസ്‌വാന്‍ (6) കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി.
ഹഫീം അഷ്‌റഫ് (4), സാജിദ് ഖാന്‍ (5), ഹസന്‍ അലി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഒറ്റത്ത് പിടിച്ചുനിന്ന് അസമിന്റേത് ഒമ്പതാമത്തെ വിക്കറ്റായിരുന്നു. സ്വെപ്‌സണിന്റെ പന്തില്‍ ഉസ്മാന്‍ ഖവായ്ക്ക് ക്യാച്ച്. ഇതോടെ ആതിഥേയര്‍ ഒമ്പതിന് 118 എന്ന നിലയിലായി. അവസാന വിക്കറ്റില്‍ നൗമാന്‍ അലി (20)- ഷഹീന്‍ അഫ്രീദി (19) സഖ്യം കൂട്ടിചേര്‍ത്ത 30 റണ്‍സാണ് പാകിസ്ഥാന്റെ സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്.
നേരത്തെ, എട്ടിന് 505 എന്ന നിലയില്‍ മൂന്നാംദിന ബാറ്റിംഗ് ആരംഭിച്ച ഓസീസ് 50 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഇന്ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. സ്റ്റാര്‍ക്കിന്റെ (28) വിക്കറ്റ് മാത്രമാണിന്നവര്‍ക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സ് (34*), മിച്ചല്‍ സ്വെപ്‌സണ്‍ (15*) എന്നിവരാണ് സ്‌കോര്‍ 550 കടത്തിയത്.
160 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അലക്സ് ക്യാരി (93), സ്റ്റീവ് സ്മിത്ത് (72) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം നേടിയ സാജിദ് ഖാനും ഫഹീം അഷ്റഫുമാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.
റാവല്‍പിണ്ടില്‍ നടന്ന ആദ്യ മത്സരം വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്ന ഫ്‌ളാറ്റ് ട്രാക്കില്‍ അഞ്ച് ദിവസത്തിനിടെ 14 വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായിരുന്നത്. സ്‌കോര്‍ : പാകിസ്ഥാന്‍ 476/6 & 252, ഓസ്‌ട്രേലിയ 459.
