ഏകദിന ലോകകപ്പിലെ പദ്ധതികളെല്ലാം പാകിസ്ഥാനെതിരെ! സംഭവം വിശദീകരിച്ച് ഐസിസിക്ക് പാക് ക്രിക്കറ്റിന്‍റെ പരാതി
ടോസിനെത്തിയ പാക് നായകന്‍ ബാബര്‍ അസമിനെ കാണികള്‍ കുക്കി വിളിച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔട്ട് ആയി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് റിസ്‌വാന് നേരെ ജയ് ശ്രീറാം വിളികളുമുണ്ടായിരുന്നു.

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം രോഹിത് ശര്‍മയും സംഘവും ജയിച്ചിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യ 42.5 ഓവറില്‍ 191ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബൗള്‍മാര്‍ക്കായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ (86), ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ മത്സരത്തിനിടെ ചില വിവാദ സംഭവങ്ങളുണ്ടായി. ഇതിനെല്ലാമെതിരെ പരാതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ഒരുപാട് സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പിസിബി, ഐസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റമാണ് ഇതിലാദ്യം. ടോസിനെത്തിയ പാക് നായകന്‍ ബാബര്‍ അസമിനെ കാണികള്‍ കുക്കി വിളിച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔട്ട് ആയി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് റിസ്‌വാന് നേരെ ജയ് ശ്രീറാം വിളികളുമുണ്ടായിരുന്നു. ഇക്കാര്യവും പിസിബിയെ ചൊടിപ്പിച്ചു. പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാത്തതിലും പിസിബി പരാതി അറിയിച്ചിട്ടുണ്ട്.
മത്സരം ബിസിസിഐ ഇവന്റാക്കി മാറ്റിയെന്ന് നേരത്തെ പാക് ടീമിന്റെ ഡയറക്ടര്‍ മിക്കി ആര്‍തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി മുപ്പതിനായിരം കാണികള്‍ക്ക് മുമ്പില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടീമിന് ആരാധകരില്‍ നിന്നോ സംഘാടകരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും ഇത് ലോകകപ്പ് മത്സരം പോലെയല്ല, ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പോലെയാണ് തോന്നിയതെന്നും മിക്കി ആര്‍തര്‍ മത്സരശേഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ നിസാരവത്കരിച്ച ഐസിസി ചെയര്‍മാന്‍ ഗ്രേഗ് ബാര്‍ക്ക്‌ലേ, ഇത്തരം വിമര്‍ശനങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നാണ് പറഞ്ഞത്.