Asianet News MalayalamAsianet News Malayalam

Mohammad Hafeez Retires : പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വിരമിച്ചു

അഭിമാനത്തോടെയും സംതൃപ്‌തിയോടേയും രാജ്യാന്തര ക്രിക്കറ്റിനോട് ഇന്ന് വിടപറയുകയാണെന്ന് ഹഫീസ്

Pakistan former captain Mohammad Hafeez Retires From International Cricket
Author
Lahore, First Published Jan 3, 2022, 2:13 PM IST

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് (Mohammad Hafeez) 18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ നിന്ന് വിരമിച്ചു. പാക് കുപ്പായത്തില്‍ (Pakistan Cricket Team) 2003ല്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലും ടീമിനെ പ്രതിനിധീകരിച്ചിരുന്നു. 2009ല്‍ ഐസിസി ടി20 ലോകകപ്പും (2009 ICC World Twenty20) 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയും (Champions Trophy 2017) നേടിയ ടീമില്‍ അംഗമായി. കരിയറിലാകെ 32 മത്സരങ്ങളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

'അഭിമാനത്തോടെയും സംതൃപ്‌തിയോടേയും രാജ്യാന്തര ക്രിക്കറ്റിനോട് ഇന്ന് വിടപറയുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരെ എത്താന്‍ കഴിഞ്ഞു. കരിയറില്‍ പിന്തുണച്ച സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പാകിസ്ഥാന‍് ക്രിക്കറ്റ് ബോര്‍ഡിനും നന്ദിയറിയിക്കുന്നു. രാജ്യാന്തര തലത്തില്‍ ഞാന്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് ഉറപ്പുവരുത്താന്‍ എന്‍റെ കുടുംബം ഏറെ ത്യാഗം ചെയ്തു. നീണ്ട 18 വര്‍ഷം പാക് കുപ്പായമണിയാന്‍ ഭാഗ്യം ലഭിച്ചു' എന്നും 41കാരനായ ഹഫീസ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു.  

പാകിസ്ഥാനെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 400ഓളം മത്സരങ്ങളില്‍ പ്രതിനിധീകരിച്ച മുഹമ്മദ് ഹഫീസ് 12,780 റണ്‍സും 253 വിക്കറ്റും പേരിലാക്കി. 55 ടെസ്റ്റില്‍ 3652 റണ്‍സും 53 വിക്കറ്റും 218 ഏകദിനത്തില്‍ 6614 റണ്‍സും 139 വിക്കറ്റും 119 രാജ്യാന്തര ടി20യില്‍ 2514 റണ്‍സും 61 വിക്കറ്റും മുഹമ്മദ് ഹഫീസ് സ്വന്തമാക്കി. രാജ്യാന്തര കരിയറില്‍ 21 ശതകങ്ങള്‍ പേരിലുണ്ട്. 

32 മത്സരങ്ങളില്‍ പാകിസ്ഥാനെ നയിച്ചിട്ടുണ്ട്. 2007, 2011, 2019 ഏകദിന ലോകകപ്പുകളില്‍ കളിച്ചപ്പോള്‍ ആറ് ടി20 ലോകകപ്പുകളുടെ(2007, 2010, 2012, 2014, 2016, 2021) ഭാഗമായി. മൂന്ന് വട്ടം ചാമ്പ്യന്‍സ് ട്രോഫിയിലും(2006, 2013, 2017) കളിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുഹമ്മദ് ഹഫീസിന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ നന്ദിയറിയിച്ചു. 

SA vs IND : ജയിച്ചാല്‍ പരമ്പര, ചരിത്രം; വാണ്ടറേഴ്‌സിൽ ടോസ് വീണു, കോലിയില്ലാതെ ഇന്ത്യ!

Follow Us:
Download App:
  • android
  • ios