Asianet News MalayalamAsianet News Malayalam

റാവല്‍പിണ്ടി ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു

പാകിസ്ഥാന്‍ ബാറ്റിംഗിനെത്തിയപ്പോഴും പിച്ചിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. 158 പന്തുകളില്‍ നിന്നാണ് ഷെഫീഖ് 89 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും 10 ഫോറുമുണ്ടായിരുന്നു. ഇമാം 148 പന്തുകള്‍ നേരിട്ടു.

Pakistan got good start against England in Rawalpindi Test
Author
First Published Dec 2, 2022, 8:34 PM IST

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു. റാവല്‍പിണ്ടിയില്‍ ഇംഗ്ലണ്ടിന്റെ 657നെതിരെ ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 181 റണ്‍സെടുത്തിട്ടുണ്ട്. ഇമാം ഉള്‍ ഹഖ് (90), അബ്ദുള്ള ഷെഫീഖ് (89) എന്നിവരാണ് ക്രീസില്‍. നേരത്തെ, റാവല്‍പിണ്ടിയില്‍ ഒരുക്കിയ ഫ്‌ളാറ്റ് ട്രാക്കില്‍ ടോസ് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് സാക് ക്രൗളി (122), ബെന്‍ ഡക്കറ്റ് (107), ഒല്ലി പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. അരങ്ങേറ്റക്കാരന്‍ സഹിദ് മഹ്മൂദ് പാകിസ്ഥാനായി നാല് വിക്കറ്റ് നേടിയിരുന്നു.

പാകിസ്ഥാന്‍ ബാറ്റിംഗിനെത്തിയപ്പോഴും പിച്ചിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. 158 പന്തുകളില്‍ നിന്നാണ് ഷെഫീഖ് 89 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും 10 ഫോറുമുണ്ടായിരുന്നു. ഇമാം 148 പന്തുകള്‍ നേരിട്ടു. ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതാണ് ഇമാമിന്റെ ഇന്നിംഗ്‌സ്. നേരത്തെ, ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇംഗ്ലണ്ടിന് 506 റണ്‍സ് നേടാനായിരുന്നു. നാല് വിക്കറ്റായിരുന്നു അവര്‍ക്ക് ആദ്യദിനം നഷ്ടമായിരുന്നത്. എന്നാല്‍ 151 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ആതിഥേയര്‍ക്ക് നഷ്ടമായി. ബെന്‍ സ്റ്റോക്‌സിന്റെ (18 പന്തില്‍ 41) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും (9) മടങ്ങി. ഹാരി ബ്രൂക്കിനും (153) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വില്‍ ജാക്ക്‌സ് (30), റോബിന്‍സണ്‍ (37) എന്നിവര്‍ സ്‌കോര്‍ 300 കടത്തി. ജെയിംസ് ആന്‍ഡേഴ്‌സണാണ് (6) പുറത്തായ മറ്റൊരു താരം. ജാക്ക് ലീച്ച് (6) പുറത്താവാതെ നിന്നു.

അതേസമയം, പാകിസ്ഥാന്റെ അരങ്ങേറ്റക്കാരന്‍ സഹിദിന്റെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡും വന്നുചേര്‍ന്നു. 33 ഓവര്‍ എറിഞ്ഞ താരം  235 റണ്‍സ് വിട്ടുകൊടുക്കുകയുണ്ടായി. റണ്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ താരം 'ഇരട്ട സെഞ്ചുറി' നേടി. ഒരോവറില്‍ 7.10 റണ്‍സ് എന്ന നിലയിലാണ് താരം റണ്‍സ് വിട്ടുകൊടുത്തത്. സഹിദിന്റെ ഒരോവറില്‍ 27 റണ്‍സ് ബ്രൂക്ക് അടിച്ചെടിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും അതിലുണ്ടായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്നാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്രയും റണ്‍സ് മറ്റൊരു താരവും വിട്ടുകൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ ശ്രീലങ്കന്‍ താരം സുരജ് റണ്‍ദിവാണ് രണ്ടാം സ്ഥാനത്ത്. 2010ല്‍ ഇന്ത്യക്കെതിരെ കൊളംബോയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ 222 റണ്‍സാണ് രണ്‍ദിവ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്. ഓസ്‌ട്രേലിയയുടെ ജേസണ്‍ ക്രേസ മൂന്നാമതാണ്. 2008ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെ 215 റണ്‍സ് വിട്ടുകൊടുത്തിരുന്നു മുന്‍ ഓസീസ് താരം. 

എന്നാല്‍ എട്ട് വിക്കറ്റും വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ ഒമറി ബാങ്ക്‌സ് നാലാം സ്ഥാനത്തായി. 2003ല്‍ ബ്രിഡ്ജ്ടൗണില്‍ 204 റണ്‍സാണ് ബാങ്ക്‌സ് വിട്ടുകൊടുത്തത്. മൂന്ന് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്. ഒരു ഇന്ത്യന്‍ താരവും പട്ടികയിലുണ്ട്. 1997ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റത്തില്‍ 195 റണ്‍സ് വിട്ടുകൊടുത്ത നിലേഷ് കുല്‍കര്‍ണി.

മികച്ച ആതിഥേയത്വം, മികച്ച സംഘാടനം; ഖത്തർ ലോകകപ്പിനെ വാനോളം പുകഴ്ത്തി മെസ്യൂട്ട് ഓസിൽ

Follow Us:
Download App:
  • android
  • ios