. നേരത്തെ, ലോകകപ്പിലെ ജര്‍മനി-സ്‌പെയിന്‍ പോരാട്ടത്തില്‍ ഗ്യാലറിയില്‍ മെസ്യൂട്ട് ഓസിലിന്‍റെ ചിത്രമേന്തി ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു

ദോഹ: ഖത്തർ ലോകകപ്പിന്‍റെ സംഘാടനത്തെ പുകഴ്ത്തി മുൻ ജർമൻ ഫുട്ബോൾ താരവും ലോകകപ്പ് ജേതാവുമായ മെസ്യൂട്ട് ഓസിൽ. മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദിയുണ്ടെന്ന് ഓസിൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഖത്തറിലെ സ്റ്റേ‍ഡിയത്തിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. നേരത്തെ, ലോകകപ്പിലെ ജര്‍മനി-സ്‌പെയിന്‍ പോരാട്ടത്തില്‍ ഗ്യാലറിയില്‍ മെസ്യൂട്ട് ഓസിലിന്‍റെ ചിത്രമേന്തി ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. 'വൺ ലവ്' ആം ബാൻഡ് വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജപ്പാനെതിരെയുള്ള മത്സരത്തിന് മുമ്പായുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്തത് വാ പൊത്തിപ്പിടിച്ചാണ്.

ജര്‍മനിയുടെ ഈ പ്രതിഷേധത്തിനിടയിൽ ഇരട്ടത്താപ്പിനെ വിമര്‍ശിക്കാനാണ് ആരാധകര്‍ ഓസിലിന്‍റെ ചിത്രവുമായി ഗ്യാലറിയിലെത്തിയത്. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മധ്യനിര ജീനിയസായിരുന്ന മെസ്യൂട്ട് ഓസില്‍. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് ജര്‍മനി പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍.

തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്‍റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമനിയില്‍ ജനരോഷം ശക്തമായിരുന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. കൂടാതെ ഓസിലിനെ ജര്‍മന്‍ കാണികള്‍ കൂകിവിളിച്ചിരുന്നു. ടീം ജയിക്കുമ്പോള്‍ ഞാനൊരു ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസില്‍ ആഞ്ഞടിച്ചിരുന്നു.

'എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. ഞാനൊരു പ്രഫഷനൽ ഫുട്ബോൾ കളിക്കാരനാണ്. ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്ന് മനസിലായി. വലിയ ഹൃദയഭാരത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും' അന്ന് മെസ്യൂട്ട് ഓസിൽ പറഞ്ഞിരുന്നു.

നിര്‍ഭാഗ്യം മാത്രമല്ല! പഴയ എഞ്ചിനും പഴകിയ കളിയും; ലോകകപ്പില്‍ നിന്ന് ജര്‍മനി പുറത്തായതിങ്ങനെ