ഏഷ്യാ കപ്പ്  നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താൻ ഫൈനൽ സാധ്യതകൾ നിലനിർത്തി. പാകിസ്താനെ, ഹുസൈൻ തലത്തിന്റെയും മുഹമ്മദ് നവാസിന്റെയും കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.  

അബുദാബി: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് പാകിസ്താൻ ഫൈനൽ സാധ്യതകൾ നിലനിര്‍ത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. ഒരു ഘട്ടത്തിൽ 58 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ, അർദ്ധ സെഞ്ച്വറി നേടിയ കമിന്ദു മെൻഡിസിൻ്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ, അബ്രാർ അഹമ്മദിൻ്റെ സ്പിൻ ബൗളിംഗ് ശ്രീലങ്കൻ ബാറ്റ്‌സ്മാൻമാർക്ക് തലവേദന സൃഷ്ടിച്ചു.

വിജയലക്ഷ്യമായ 134 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. 17 പന്തുകൾക്കിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് ടീം തകർച്ചയിലേക്ക് നീങ്ങിയെങ്കിലും, ഒടുവിൽ 18ാം ഓവറിലെ അവസാന പന്തിൽ അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ പാകിസ്താൻ വിജയം ഉറപ്പിച്ചു. വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി പാക് നിരയെ വിറപ്പിച്ചെങ്കിലും മുഹമ്മദ് നവാസിൻ്റെയും ഹുസൈൻ തലത്തിൻ്റെയും കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സര ഫലം ഇരു ടീമുകൾക്കും നിർണ്ണായകമായിരുന്നു. മുൻ സൂപ്പർ ഫോർ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ തോൽക്കുന്ന ടീമിൻ്റെ ഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചേനെ. ഈ വിജയത്തിലൂടെ പാകിസ്താൻ ഫൈനൽ സാധ്യതകൾ സജീവമാക്കി.

ശ്രീലങ്കൻ ഇന്നിങ്സ്

അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ, മൂന്ന് വിക്കറ്റെടുത്ത ഷഹീൻ അഫ്രീദിയുടെയും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹുസൈൻ താലാത്, ഹാരിസ് റൗഫ് എന്നിവരുടെയും മികച്ച ബൗളിംഗ് പ്രകടനമാണ് തകർത്തത്. ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ 44 പന്തിൽ 50 റൺസെടുത്ത കാമിന്ദു മെൻഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രണ്ടാം പന്തിൽ തന്നെ കുശാൽ മെൻഡിസ് (0) ഗോൾഡൻ ഡക്കായതോടെ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റു. പിന്നാലെ നിസ്സാങ്ക, കുശാൽ പെരേര, ചരിത് അസലങ്ക, ദസുൻ ഷനക തുടങ്ങിയ പ്രധാന താരങ്ങൾക്കും പിടിച്ചുനിൽക്കാനായില്ല. ഇതോടെ അഞ്ചിന് 58 എന്ന നിലയിൽ ടീം തകർന്നു. പിന്നീട് കമിന്ദു മെൻഡിസും ചാമിക കരുണാരത്‌നയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും 19-ാം ഓവറിൽ മെൻഡിസ് മടങ്ങിയതോടെ ആ ശ്രമം വിഫലമായി. ഇന്ത്യക്കെതിരായ ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് പാകിസ്താൻ ഇറങ്ങിയതെങ്കിൽ, ശ്രീലങ്ക രണ്ട് മാറ്റങ്ങൾ വരുത്തിയിരുന്നു.

പാക് ഇന്നിങ്സ്

സാഹിബ്‌സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് പാകിസ്താന് മികച്ച തുടക്കം നൽകി. അഞ്ച് ഓവറിൽ 43 റൺസെടുത്ത് ഈ ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് ആത്മവിശ്വാസം നൽകിയെങ്കിലും ആറാം ഓവറിൽ ഇരുവരും പുറത്തായി. ഫർഹാൻ 24 റൺസും ഫഖർ സമാൻ 17 റൺസും നേടിയാണ് മടങ്ങിയത്. പിന്നാലെ വന്ന സയിം അയൂബ് (2), നായകനായ സൽമാൻ ആഗ (5) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. അതോടെ പാകിസ്താൻ 57-4 എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ, മുഹമ്മദ് ഹാരിസ് 13 റൺസ് നേടി പുറത്തായ ശേഷം ക്രീസിൽ ഒന്നിച്ച ഹുസ്സൈൻ താലത്തും (32), മുഹമ്മദ് നവാസും (38) നിർണ്ണായകമായ കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.