ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം. പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരത്തില്‍ ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസ്, പതും നിസ്സങ്ക എന്നിവരെ തുടക്കത്തിലെ നഷ്ടമായി.
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 58 എന്ന നിലയാണ്. ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), കുശാല്‍ പെരേര (15) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. രണ്ട് ഓപ്പണര്‍മാരുടെ വിക്കറ്റുകളും വീഴ്ത്തിയത് ഷഹീന്‍ അഫ്രീദിയാണ്. ഹാരിസ് റൌഫിനാണ് ഒരു വിക്കറ്റ്. ചരിത് അസലങ്ക (20), കാമിന്ദു മെന്‍ഡിസ് (12) എന്നിവരാണ് ക്രീസില്‍. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റു. മെന്‍ഡിസ്, മിഡ് വിക്കറ്റില്‍ ഹുസൈന്‍ താലാതിന് ക്യാച്ച് നല്‍കി മടങ്ങി. തന്റെ രണ്ടാം ഓവറില്‍ നിസ്സങ്കയേയും അഫ്രീദി തിരിച്ചയച്ചു. അഫ്രീദിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച നിസ്സങ്കയ്ക്ക് പിഴച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന് ക്യാച്ച്. പിന്നാലെ കുശാല്‍ പെരേരയും മടങ്ങി. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുസല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.



