വെല്ലിങ്ടണ്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 431ന് പുറത്ത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ 23-ാം സെഞ്ചുറിയാണ് കിവീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റോസ് ടെയ്‌ലര്‍ (70), ബിജെ വാട്‌ലിങ് (73), ഹെന്റി നിക്കോള്‍സ് (56) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സന്ദര്‍ശകര്‍ക്ക് വേണ്ടി ഷഹീന്‍ അഫ്രീദി നാലും യാസിര്‍ ഷാ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നിന് 30 എന്ന നിലയിലാണ് അവര്‍. 

മൂന്നിന് 222 എന്ന നിലയിലാണ് കിവീസ് രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്‌കോറിനോട് 12 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് നിക്കോള്‍സ് മടങ്ങി. ഇതിനിടെ വില്യംസണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികനേരം താരത്തിന് ക്രീസില്‍ തുടരാനായില്ല. 129 റണ്‍സെടുത്ത വില്ല്യംസണിനെ യാസിര്‍ ഷാ മടക്കിയച്ചു. ഒരു സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. 

രണ്ട് വിക്കറ്റുകല്‍ പൊടുന്നനെ നഷ്ടമായെങ്കിലും വാട്‌ലിങ്- കെയ്ന്‍ ജാമിസണ്‍ (32) സഖ്യം കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോം ലാഥം (4), ടോം ബ്ലണ്ടല്‍ (5), മിച്ചല്‍ സാന്റ്‌നര്‍ (19), ടിം സൗത്തി (0), നീല്‍ വാഗ്നര്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ട്രന്റ് ബോള്‍ട്ട് (8) പുറത്താവാതെ നിന്നു. ഷഹീന്‍, യാസിര്‍ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. ഷാന്‍ മസൂദിന്റെ (10)  വിക്കറ്റാണ് നഷ്ടമയാത്. കെയ്ല്‍ ജാമിസണിനാണ് വിക്കറ്റ്. ആബിദ്  അലി (19), മുഹമ്മദ് അബ്ബാസ് (0) എന്നിവരാണ് ക്രീസില്‍.