റാവല്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നിഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാദിര്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. 32 റണ്‍സുമായി പുറത്താവാതെ നിന്ന റ്യാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. പരമ്പരയിലെ ആദ്യ മത്സരം പാകിസ്ഥാന്‍ ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ബേളിന് പുറമെ മധെവെരേ (24) മാത്രമാണ് സിംബാബ്‌വെയ്ക്ക് വേണ്ടി അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (3), ചമു ചിബാബ (15), സീന്‍ വില്യംസ് (13), സിക്കന്ദര്‍ റാസ (7), എല്‍ട്ടണ്‍ ചിഗുംബുര (18), ഡൊണാള്‍ഡ് ടിരിപാനോ (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബേളിനൊപ്പം ടെന്‍ഡൈ ചിസോറൊ (3) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ അഞ്ച് ഓവറില്‍ ഒന്നിന് 35 എന്ന നിലയിലാണ്. ബാബര്‍ അസം (16), ഹൈദര്‍ അലി (14) എന്നിവരാണ് ക്രീസില്‍. ഫഖര്‍ സമാന്റെ (5) വിക്കറ്റാണ് പാകിസ്ഥാന്‍ നഷ്ടമായത്.