ബ്രിസ്‌ബേന്‍: പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് ജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും അഞ്ച് റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.  സ്‌കോര്‍: പാകിസ്ഥാന്‍ 240 & 335. ഓസ്‌ട്രേലിയ 580. ബാബര്‍ അസം (104) സെഞ്ചുറി നേടിയെങ്കിലും ആതിഥേയരെ രണ്ടാമത് ബാറ്റിങ്ങിന് അയക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സുമാണ് പാകിസ്ഥാനെ തടഞ്ഞത്. 

മുഹമ്മദ് റിസ്‌വാന്‍ (95), ഷാന്‍ മസൂദ് (42), യാസിര്‍ ഷാ (42) എന്നിവരാണ് പാകിസ്ഥാന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അസര്‍ അലി (5), ഹാരിസ് സൊഹൈല്‍ (8), ആസാദ് ഷഫീഖ് (0), ഇഫ്തിഖര്‍ അഹമ്മദ് (0), ഷഹീന്‍ അഫ്രീദി (10), ഇമ്രാന്‍ ഖാന്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നസീം ഷാ (0) പുറത്താവാതെ നിന്നു. ഹേസല്‍വുഡിനും സ്റ്റാര്‍ക്കിനും പുറമെ പാറ്റ് കമ്മിന്‍സ് രണ്ടും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷാഗ്നെ (185), ഡേവിഡ് വാര്‍ണര്‍ (154) എന്നിവരുടെി ഇന്നിങ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോ ബേണ്‍സ് (97), മാത്യു വെയ്ഡ് (60) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.