Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ പരമ്പരയില്‍ നിന്നും ന്യൂസിലാന്‍റ് പിന്‍മാറിയതിന് പിന്നില്‍ 'ഇന്ത്യന്‍ ഇ മെയിലെന്ന്' പാകിസ്ഥാന്‍

അതേ സമയം പാകിസ്ഥാന്‍ വാദം 'അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ്' എന്ന് ഇന്ത്യ പ്രതികരിച്ചു. "ഇന്ത്യയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് പാകിസ്ഥാന്‍റെ പുതിയ രീതിയല്ല. 

Pakistan minister says threat to New Zealand cricket team originated in India
Author
Islamabad, First Published Sep 22, 2021, 6:58 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പാര്യടനത്തില്‍ നിന്നും ന്യൂസിലാന്റ് ക്രിക്കറ്റ് ടീം പിന്‍മാറാനുള്ള കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍. ന്യൂസിലാന്‍റ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയില്‍ ഇന്ത്യയില്‍ നിന്നാണ് വന്നത് എന്നാണ് ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹമ്മദിന്‍റെ സാന്നിധ്യത്തില്‍ പാക് പബ്ലിക്ക് റിലേഷന്‍ മന്ത്രി ഫവാദ് ചൌദരി ആരോപിച്ചത്.

18 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ കളിക്കാന്‍ എത്തിയ ന്യൂസിലാന്‍റ് വെള്ളിയാഴ്ചയാണ് തങ്ങളുടെ സന്ദര്‍ശനം റദ്ദാക്കിയത്. ഇതിന് പിന്നാലെ പ്രഖ്യാപിച്ച പാക് പമ്പരയില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും പിന്‍മാറി. അടുത്ത മാസമായിരുന്നു പാകിസ്ഥാന്‍ വേദിയായി ഇംഗ്ലണ്ട് പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

അതേ സമയം പാകിസ്ഥാന്‍ വാദം 'അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ്' എന്ന് ഇന്ത്യ പ്രതികരിച്ചു. "ഇന്ത്യയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് പാകിസ്ഥാന്‍റെ പുതിയ രീതിയല്ല. ഇത്തരം ആരോപണം ഉന്നയിക്കുന്ന സമയത്ത് പാകിസ്ഥാന്‍ സ്വന്തം നാട്ടില്‍ തീവ്രവാദ ശക്തികള്‍ക്ക് താവളം ഒരുക്കുന്നത് തടയാനും, സ്വന്തം നാട്ടിലെ സ്ഥിതി നല്ല രീതിയിലാക്കാനും ശ്രമിക്കണം' - ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരീന്‍ദം ബാഗ്ജി പ്രതികരിച്ചു.

അതേ സമയം ന്യൂസിലാന്‍റ് ടീമിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച പാക്മന്ത്രിമാര്‍. ന്യൂസിലാന്‍റ് സര്‍ക്കാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദ്യത്തെ മത്സരം നടക്കേണ്ട ദിവസം കിവീസ് ടീം പിന്‍മാറിയത് എന്ന് അറിയിച്ചു. എന്നാല്‍ എന്ത് തരത്തിലുള്ള ഭീഷണി എന്ന് സംബന്ധിച്ച് ടീം വൃത്തങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഇത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡും, ആഭ്യന്തര സുരക്ഷ വൃത്തങ്ങളും ന്യൂസിലാന്‍റ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറഞ്ഞതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ രണ്ടാം ദിനം പ്രതികരിച്ച പാക് മന്ത്രിമാര്‍, ഹംസാ അഫ്രിദി എന്ന പേരില്‍ ന്യൂസിലാന്‍റ് ടീമിന് ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത് എന്ന് വ്യക്തമാക്കി. ഈ ഐഡി ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഡിവൈസില്‍ നിന്നാണ് മെയില്‍ അയച്ചത് എന്നാണ് പാക് വൃത്തങ്ങള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. വിപിഎന്‍ ഉപയോഗിച്ച് അയച്ച മെയില്‍ അയച്ച സെര്‍വര്‍ കാണിക്കുന്നത് സിംഗപ്പൂര്‍ ആണെന്നും പാക് മന്ത്രി ആരോപിക്കുന്നു. വ്യാജ ഐഡി ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ നിന്നാണ് ഭീഷണി മെയില്‍ വന്നത് എന്നാണ് പാക് മന്ത്രിയുടെ ആരോപണം. നേരത്തെ ആഗസ്റ്റ് മാസത്തില്‍ തെഹരീക്കി താലിബാന്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍റ് പാര്യടനത്തിന് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

ഡിസംബറില്‍ വെസ്റ്റ്ഇന്‍ഡീസ് പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാണെന്ന് പാക് പബ്ലിക്ക് റിലേഷന്‍ മന്ത്രി ഫവാദ് ചൌദരി അവകാശപ്പെട്ടു. സുരക്ഷ ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ നടക്കുന്ന ഇപ്പോഴത്തെ പ്രചാരണങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെതിരെ നടക്കുന്നതാണെന്നും. ഇതില്‍ ഐസിസി അടക്കം ഇടപെടണമെന്നും പാക് മന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios