Asianet News MalayalamAsianet News Malayalam

ഏഷ്യാകപ്പ് 2023ന് ഇന്ത്യന്‍ ടീം എത്തുമെന്ന് പ്രതീക്ഷ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

പാകിസ്ഥാനിലെ ഒരു ഉറുദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എഹ്‌‌സാന്‍റെ പ്രതികരണം. 

Pakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan Mani
Author
Lahore, First Published Mar 19, 2021, 4:01 PM IST
  • Facebook
  • Twitter
  • Whatsapp

കറാച്ചി: 2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ വേദിയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) തലവന്‍ എഹ്‌‌സാന്‍ മാണി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപ്പോഴേക്കും മെച്ചപ്പെടുമെന്നും അതോടെ ടീം ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് എഹ്‌‌സാന്‍റെ വാക്കുകള്‍. ഇത്തവണ ഏഷ്യാകപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും ടൂര്‍ണമെന്‍റിന് ശ്രീലങ്ക 2022ല്‍ വേദിയാകും എന്നും അദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

Pakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan Mani

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭീകരാക്രമണവുമാണ് ഇന്ത്യ-പാക് ക്രിക്കറ്റിനെ സാരമായി ബാധിച്ചത്. ഇന്ത്യയും പാകിസ്ഥാനും 2013 ജനുവരിക്ക് ശേഷം നാളിതുവരെ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു ടീമും മുഖാമുഖം വന്നിട്ടുള്ളത്. 2007ന് ശേഷം ഒരൊറ്റ ടെസ്റ്റ് മത്സരം പോലും പരസ്‌പരം കളിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം പുരോഗമിക്കുന്നതോടെ വീണ്ടും മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് പിസിബി. 

അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരു രാജ്യങ്ങളും മുന്നോട്ടുപോകേണ്ട സമയമാണിത് എന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമാര്‍ ജാവേജ് ബജ്‌വയുടെ വാക്കുകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്തിടെ ഇസ്‌ലാമാബാദ് സെക്യൂരിറ്റി ഡയലോഗിലായിരുന്നു ഖമാറിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് 2023ലെ ഏഷ്യ കപ്പിന് ആതിഥേയത്വമരുളാം എന്ന പ്രതീക്ഷ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്‌സാന്‍ പങ്കുവച്ചത്. 

Pakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan Mani

പാകിസ്ഥാനിലെ ഒരു ഉറുദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എഹ്‌‌സാന്‍റെ പ്രതികരണം. ചില നല്ല സൂചനകള്‍ പിന്‍വാതിലുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ടീം സന്ദര്‍ശനത്തിന് എത്തിയാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അത് വലിയ മാറ്റത്തിന് കാരണമാകും എന്നും എഹ്‌സാന്‍ വ്യക്തമാക്കി. 

ഇക്കുറി ഏഷ്യാകപ്പില്ലെന്ന് എഹ്‌സാന്‍ മാണി!

ഈ വര്‍ഷം ഏഷ്യാകപ്പ് നടക്കാന്‍ സാധ്യതയില്ല എന്ന ആശങ്ക എഹ്‌സാന്‍ മാണി പങ്കുവെച്ചു. ജൂണിലെ ചെറിയ കാലയളവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തേണ്ടതുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോര് കളിക്കേണ്ടതുണ്ട് ഇന്ത്യന്‍ ടീമിന്. രണ്ടാഴ്‌ച മുമ്പ് ഇംഗ്ലണ്ടിലെത്തി ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ടീം ഇന്ത്യയും തിരക്കിലായിരിക്കും. ഏഷ്യ കപ്പിന് ബി ടീമിനെയാണ് ബിസിസിഐ അയക്കുക എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിനായി താരങ്ങള്‍ക്കും ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ അനുവദിക്കണമെന്ന് എഹ്‌സാന്‍ മാണി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക. എന്നാല്‍ ഔദ്യോഗിക മറുപടി ബിസിസിഐ നല്‍കിയിട്ടില്ല. രാജ്യം വേദിയാവുന്ന മത്സരങ്ങള്‍ക്ക് എത്തുന്ന വിദേശതാരങ്ങള്‍ക്കുള്ള വിസയുടെ കാര്യത്തിലെ നിലപാട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

Pakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan Mani

അതേസമയം, ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ പങ്കാളിത്തം ഐസിസി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എഹ്‌സാന്‍ മാണി വ്യക്തമാക്കി. 2019ല്‍ ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട രണ്ട് പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചത് വലിയ വിവാദമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ നടപടി. എന്നാല്‍ താരങ്ങളെ വിലക്കിയ നടപടിയില്‍ ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. 

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവം; ഇന്ത്യക്കെതിരെ ഐഒസിയുടെ കടുത്ത നീക്കം
 

Follow Us:
Download App:
  • android
  • ios