താരത്തിന്‍റെ ആക്ഷന്‍ നിയമവിധേയമാക്കി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചു

ദുബായ്: നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈന് (Mohammad Hasnain) ഐസിസി വിലക്ക്. ലാഹോറില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്‍റെ ആക്ഷനില്‍ അനുവദനീയമായ 15 ഡിഗ്രിയിലധികം വളവുള്ളതായി കണ്ടെത്തിയത്. പരിശോധനയില്‍ താരമെറിഞ്ഞ മിക്ക പന്തുകളിലും പ്രശ്‌നം കണ്ടെത്തുകയായിരുന്നു. ബിഗ് ബാഷ് ലീഗില്‍ (Big Bash League) സിഡ്‌നി തണ്ടേര്‍സിനായി കളിക്കുമ്പോഴാണ് താരത്തിന്‍റെ ആക്ഷന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഹസ്‌നൈന്‍റെ ആക്ഷന്‍ നിയമവിധേയമാക്കി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചു. ഇതിനായി ഒരു ബൗളിംഗ് കണ്‍സള്‍ട്ടന്‍റിനെ പിസിബി നിയോഗിക്കും. ബൗളിംഗ് ആക്ഷന്‍റെ പേരില്‍ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയാലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ ബൗളിംഗ് ആക്ഷന്‍ നിയമവിധേയമാകും വരെ താരത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിപ്പിക്കില്ലെന്ന നിലപാടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ബൗളിംഗ് ആക്ഷന്‍ നിയമവിധേയമെന്ന് തെളിയിച്ചാല്‍ മാത്രമേ താരത്തിന് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകൂ. 

തുടര്‍ച്ചയായി 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ് മുഹമ്മദ് ഹസ്‌നൈന്‍. ബൗളിംഗ് ആക്ഷന്‍ മെച്ചപ്പെടുത്തിയ ശേഷം താരത്തിന് വീണ്ടും ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനാകാം. 21കാരനായ താരം പാകിസ്ഥാനായി എട്ട് ഏകദിനങ്ങളും 18 ടി20കളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 12ഉം ടി20യില്‍ 17ഉം വിക്കറ്റാണ് സമ്പാദ്യം. 2019ലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 

IND vs WI : ഇന്ത്യന്‍ ക്യാംപിലെ കൊവിഡ്; മലയാളി താരം മിഥുന്‍ ടീമിലെത്തുമോ? പ്രതീക്ഷയോടെ ജന്മനാട്