പുറത്താകുക നവാസോ ഷദാബോ, ഇമാമിനും ഭീഷണി, ഇന്ത്യക്കെതിരായ പോരാട്ടത്തിനുള്ള പാകിസ്ഥാന്‍റെ സാധ്യതാ ടീം
അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെ ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് നവാസോ ഷദാബ് ഖാനോ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പോരാട്ടങ്ങളുടെ പോരാട്ടത്തിന് തയാറെടുക്കുന്ന പാകിസ്ഥാന്‍ ടീമിന് പ്ലേയിംഗ് ഇലവനെ ചൊല്ലി ആശങ്ക. ഇന്ത്യക്കെിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കുമെന്നാലോചിച്ച് തല പുകക്കുകയാണ് പാക് ടീം മാനേജ്മെന്‍റ്.
അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെ ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് നവാസോ ഷദാബ് ഖാനോ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. മുഹമ്മദ് വസീം ജൂനിയറാകും പകരം ടീമിലെത്തുക. ലോകകപ്പിന് മുമ്പ് മിന്നും ഫോമിലായിരുന്ന ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനും ഇന്ത്യക്കെതിരെ പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ലോകകപ്പിലെ ആദ്യ രണ്ട് കളികളിലും തിളങ്ങാന്‍ ഇമാമിനായിരുന്നില്ല. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ ഇമാമിന്‍റെ ബലഹീനത എതിരാളികള്‍ മുതലെടുക്കുകയും ചെയ്തിരുന്നു.
ഇമാമിനെ പുറത്തിരുത്തിയാല്‍ ഫഖര്‍ സമന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും. എന്നാല്‍ ഏഷ്യാ കപ്പിലും ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ ആദ്യ മത്സരത്തിലും ഫഖറിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ശ്രീലങ്കക്കെതിരെ ഫഖറിന് പകരമിറങ്ങിയ അബ്ദുള്ള ഷഫീഖ് തകര്‍പ്പന്‍ സെഞ്ചുറിയുമായി പ്ലേയിംഗ് ഇലവനിസെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ മോശം ഫോമാണ് പാകിസ്ഥാന്‍റെ മറ്റൊരു തലവേദന. നെതര്‍ലന്‍ഡ്സിനെതിരെ അഞ്ചും ശ്രീലങ്കക്കെതിരെ പത്തും റണ്‍സെടുത്ത് ബാബര്‍ പുറത്തായിരുന്നു. മുഹമ്മദ് റിസ്‌വാന്‍റെ മിന്നും ഫോമിലാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ശ്രീലങ്കക്കെതിരെ ഷഹീന്‍ അഫ്രീദീയും ഹാരിസ് റൗഫും അടി വാങ്ങിക്കൂട്ടിയതും പാകിസ്ഥാനെ വലക്കുന്നു. ഹസന്‍ അലി നാലു വിക്കറ്റെടുത്തെങ്കിലും 10 ഓവറില്‍ 71 റണ്‍സ് വഴങ്ങിയിരുന്നു.
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ സാധ്യതാ ടീം: അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമന്‍, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് വസീം ജൂനിയര്‍, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക