ലാഹോര്‍: ഓസ്ട്രേലിയ വേദിയൊരുക്കുന്ന ട്വന്‍റി 20 ലോകകപ്പിനായി ടീമുകളെല്ലാം ഒരുക്കത്തിലാണ്. ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന് മുന്നോടിയായി ടി 20 മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ ടീമുകള്‍ ശ്രമിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് ടീം സജ്ജമാക്കാനുള്ള വേദിയാണ് ഏഷ്യാ കപ്പ്. ഇപ്പോള്‍ അതിനെ ചൊല്ലിയാണ് ഒരു വിവാദം ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തിരിക്കുന്നത്. സെപ്റ്റംബറില്‍ പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് വേദിയൊരുക്കുന്നത്.

നയതന്ത്ര ബന്ധം വളരെ മോശമായ സാഹചര്യങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കുമോയെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് സംശയങ്ങള്‍ ഉയരുമ്പോള്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഒരു വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി  20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കിയത്. ഏഷ്യാ കപ്പ് നടത്താനുള്ള വേദി ബംഗ്ലാദേശിന് നല്‍കിയെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിരസിച്ചു. പാക് മണ്ണില്‍ ഏഷ്യാ കപ്പ് നടത്തുക എന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനമാണ്.

അത് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോ ഐസിസിക്കോ പ്രത്യേക അധികാരമില്ലെന്ന് വസീം പറഞ്ഞു. രണ്ട് വേദികളിലായി ഏഷ്യാ കപ്പ് നടത്താനാണ് തങ്ങള്‍ ഇപ്പോള്‍ ആലോചിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് ഇന്ത്യ വന്നില്ലെങ്കില്‍ 2021 ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനും പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പാക് മണ്ണില്‍ ക്രിക്കറ്റ് കളിക്കില്ലെന്നുള്ള ഇന്ത്യയുടെ കടുത്ത നിലപാട് കാരണം പാകിസ്ഥാനില്‍ നിന്ന് ഏഷ്യാ കപ്പ് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഏറെ കാലത്തിന് ശേഷം പാക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീലങ്കയാണ് പാകിസ്ഥാനില്‍ ട്വന്‍റി 20, ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയത്. നിലവില്‍ ബംഗ്ലാദേശിന്‍റെ പാക് പര്യടനം പുരോഗമിക്കുകയാണ്.