കറാച്ചി: ഇന്ത്യന്‍ ഓപ്പണ്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. രോഹിത് ശര്‍മ ക്രീസിലെത്തിയാല്‍ ടെലിവഷന്‍ സ്ക്രീനിന് മുന്നില്‍ നിന്നും താന്‍ മാറാറില്ലെന്ന് സഹിര്‍ ആബ്ബാസ് പറഞ്ഞു. രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നത് തനിക്ക് ആത്മസംതൃപ്തിയും നിത്യാനന്ദവും നല്‍കുന്നുവെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു.

രോഹിത് ഒരു ഷോട്ട് കളിക്കുന്ന വിധവും അത് എവിടെ കളിക്കുന്നുവെന്നതും കണ്ടിരിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. ഏത് പന്തില്‍ എന്ത് ഷോട്ട് കളിക്കണമെന്ന് നേരത്തെ തീരുമാനിക്കാന്‍ രോഹിത്തിനാവുന്നുവെന്നും അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗിനെയും അബ്ബാസ് പ്രശംസിച്ചു. ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലാണ് കോലിയെന്ന് അബ്ബാസ് പറഞ്ഞു. എന്നാല്‍ രോഹിത്തിന്റെ ബാറ്റിംഗ് കാണാനാണ് എനിക്കേറെ ഇഷ്ടം.

രോഹിത്തിന്റെ ബാറ്റിംഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ എന്നോട് ചോദിക്കാറുണ്ട് കോലിയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്, കോലി, കോലിയാണ്. പക്ഷെ രോഹിത്തിന്റെ ബാറ്റിംഗിനെ ഞാന്‍ ആരാധിക്കുന്നു. കാരണം അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷം ഉണ്ടാകുന്നത്.

എന്നാല്‍ കോലിയും ഒട്ടും പിന്നിലല്ല. രോഹിത്തിനെപ്പോലെ കോലിയെയും തനിക്ക് ഇഷ്ടമാണെന്നും അബ്ബാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒഴുകുന്ന പണം കളിക്കാരെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രാപ്തരാക്കിയെന്നും ഇതാണ് ഇന്ത്യയുടെ സമീപകാല വിജയങ്ങള്‍ക്ക് പിന്നിലെന്നും അബ്ബാസ് പറഞ്ഞു.