ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്ന ശനിയാഴ്ച തന്നെ പിഎസ്എൽ മത്സരങ്ങളും വീണ്ടും തുടങ്ങും.

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ, ഐപിഎലിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗും പുനരാരംഭിക്കുന്നു. ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്ന ശനിയാഴ്ച തന്നെ പിഎസ്എല്‍ മത്സരങ്ങളും വീണ്ടും തുടങ്ങുമെന്നു പി സി ബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അറിയിച്ചു. എലിമിനേറ്ററും ഫൈനലും ഉള്‍പ്പെടെ 8 മത്സരങ്ങളാണ് പി എസ് എല്ലില്‍ ബാക്കിയുള്ളത്. എല്ലാ മത്സരങ്ങളും റാവല്‍പിണ്ടിയിലും ലഹോറിലുമാണ് നടക്കുക. നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ തിരിച്ചെത്തുമോയെന്ന് ഇതുവരെ വ്യക്തതയായിട്ടില്ല. ഈമാസം 25ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.

ഏപ്രില്‍ 12ന് തുടങ്ങിയ പിഎസ്എല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്‌സും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കേണ്ട മത്സരത്തിന് തൊട്ടു മുമ്പാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പിഎസ്എല്‍ നിര്‍ത്തിവെച്ചത്. പിഎസ്എല്ലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളെല്ലാം ഉടന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

നാട്ടിലേക്ക് മടങ്ങും മുമ്പ് ഇനിയൊരിക്കലും പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഡാരില്‍ മിച്ചല്‍ പറയുകയും ചെയ്തിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച ഐപിഎല്‍ ഈ മാസം 17ന് പുനരാരംഭിക്കുമെന്ന് ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ബെംഗളൂരുവില്‍ ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുക. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ച പതിനേഴ് മത്സരങ്ങള്‍ നടക്കുക ആറ് വേദികളിലായിട്ടാവും നടക്കുക.