അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈഭവ് സൂര്യവന്‍ഷി സ്ഥാപിച്ച ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്‍ താരം സമീര്‍ മിന്‍ഹാസ് മറികടന്നു.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു വൈഭവ് സൂര്യവന്‍ഷി. 95 പന്തില്‍ 14 സിക്‌സറുകളും 9 ഫോറുകളും 171 റണ്‍സെടുത്താണ് പുറത്തായത്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടം വൈഭവിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ആ നേട്ടം മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നിന്നത്. വൈഭവില്‍ നിന്ന് നേട്ടം സ്വന്തമാക്കിയതാവട്ടെ പാകിസ്ഥാന്‍ താരം സമീര്‍ മിന്‍ഹാസ്. മലേഷ്യക്കെതിരായ മത്സരത്തില്‍ താരം സൂര്യവന്‍ഷിയെ മറികടന്നത്.
148 പന്തില്‍ പുറത്താകാതെ 177 റണ്‍സാണ് മിന്‍ഹാസ് അടിച്ചെടുത്തത്. 11 ബൗണ്ടറിയും എട്ട് സിക്സറും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മിന്‍ഹാസിന് പിന്നാലെ അഹമ്മദ് ഹുസൈനും (132) സെഞ്ച്വറി നേടിയതോടെ പാകിസ്താന്‍ 346 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ കേവലം 48 റണ്‍സിന് മലേഷ്യ ഓള്‍ഔട്ടായതോടെ പാകിസ്താന്‍ 297 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ വൈഭവും മിന്‍ഹാസും നേര്‍ക്കുനേര്‍ എത്തുന്നതുകാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
നാളെയാണ് അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ 234 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെ (95 പന്തില്‍ 171) സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. 106 പന്തില്‍ പുറത്താവാതെ 78 റണ്‍സ് നേടിയ ഉദ്ധിഷ് സുരിയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. പൃഥ്വി മധു 50 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ദീപേഷ് രവീന്ദ്രന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഉദ്ധിഷ്, മധു എന്നിവര്‍ക്ക് പുറമെ മറ്റാര്‍ക്കും യുഎഇ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. യായിന് റായ് (17), സലേഹ് അമീന്‍ (പുറത്താവാതെ 20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ 13.4 ഓവറില്‍ ആറിന് 53 എന്ന നിലയിലായിരുന്നു യുഎഇ. പിന്നീട് മധു - ഉദ്ധിഷ് സഖ്യം നേടിയ 85 റണ്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ഷാലോം ഡീസൂസ (4), അയാന്‍ മിസ്ബ (3), അഹമ്മദ് ഖുദാദാദ് (0), നൂറുള്ള അയൂബി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

