തോല്‍ക്കരുത്, ഇന്ന് പാകിസ്ഥാന് അതിനിര്‍ണയാകം! കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; എതിരാളി ദക്ഷിണാഫ്രിക്ക
ലോകകപ്പിനെത്തുമ്പോള്‍ ഫേവറൈറ്റുകളിലൊന്നായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ലോകകപ്പില്‍ കാര്യങ്ങളൊന്നും പാകിസ്ഥാന്റെ വഴിക്കല്ല.

ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടീമിലെ പടലപ്പിണക്കങ്ങള്‍ വേറെ. വിമര്‍ശന ശരങ്ങളുമായി മുന്‍താരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റന്‍ ബാബര്‍ അസമിനും പോരാട്ടം ജീവന്മരണമാകുമെന്നതില്‍ സംശയമൊന്നുമില്ല.
ലോകകപ്പിനെത്തുമ്പോള്‍ ഫേവറൈറ്റുകളിലൊന്നായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ലോകകപ്പില്‍ കാര്യങ്ങളൊന്നും പാകിസ്ഥാന്റെ വഴിക്കല്ല. ലോക ഒന്നാം നന്പര്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള ബാറ്റര്‍മാരുടെ മോശം ഫോമും, നനഞ്ഞ പടക്കമായ പേസര്‍മാരും, ക്ലബ് ക്രിക്കറ്റിന്റെ പോലും നിലവാരമില്ലാത്ത സ്പിന്നര്‍മാരും, അബദ്ധങ്ങളുടെ ഘോഷയാത്ര തീര്‍ത്ത ഫീല്‍ഡര്‍മാരും. കഴിഞ്ഞ മത്സരങ്ങളില്‍ പാകിസ്ഥാന്റെ വിധി നിര്‍ണയിച്ചത് ഈ ഘടകളെല്ലമാണ്. ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്ന് പാക് പ്രതീക്ഷ.
പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പകരം ഫഖര്‍ സമാന്‍ കളിച്ചേക്കും. ഉസാമ മിര്‍ പുറത്തായേക്കും. പകരം മുഹമ്മദ് നവാസ് തിരിച്ചെത്തിയേക്കും. പേസര്‍ ഹാരിസ് റൗഫും പുറത്തായേക്കും. മുഹമ്മദ് വസീം പകരമെത്തും.
പാകിസ്ഥാന്‍ സാധ്യതാ ഇലവന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ് / ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാസന്‍ അലി, ഹാരിസ് റൗഫ് / മുഹമ്മദ് വസീം.
സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പടയൊരുക്കം. ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡീകോക്ക് ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും, റബാഡ നയിക്കുന്ന ബൗളിംഗ് നിരയും പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന നാണക്കേട് ഇത്തവണ മാറ്റാന്‍ ഒരുങ്ങി തന്നെയാണ്.
ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ നേരിയ മുന്‍ തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക്. അഞ്ചില്‍ മൂന്നെണ്ണത്തില്‍ ജയം. എന്നാല്‍ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ജയം പാകിസ്ഥാന് സ്വന്തം.